എടപ്പാൾ : പാവപ്പെട്ടവർക്കുള്ള കുടിവെള്ളം നൽകാതെ സ്വകാര്യ കുത്തക കമ്പനികൾക്ക് കച്ചവടത്തിന് നൽകുന്ന വാട്ടർ അതോറിറ്റിയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. കാളാച്ചാൽ ചെറാച്ചീരിച്ചാൽ ഭാഗത്ത് താഴ്ന്ന ഭാഗത്തുള്ള കുപ്പിവെള്ള ഫാക്ടറിക്ക് പൈപ്പ് കണക്‌ഷൻ നൽകാനുള്ള നീക്കത്തിനെതിരേ കാളാച്ചാൽ ജലചൂഷണ ജാഗ്രതാസമിതി നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കണക്‌ഷൻ നൽകിയാൽ ഇവിടെ ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് കുടിവെള്ളം കിട്ടാതാകും. പണമടച്ച് വെള്ളത്തിനായി കാത്തിരിക്കുന്നവരോടുള്ള കടുത്ത അനീതിയാണിതെന്ന് സമരക്കാർ ആരോപിച്ചു.സമിതി ചെയർമാനും ഗ്രാമപ്പഞ്ചായത്തംഗവുമായ പി.കെ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. പി.കെ. അബ്ദുള്ളക്കുട്ടി, ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, കെ.പി. ജഹാംഗീർ, പി. ഹനീഫ, വി.പി. സത്യൻ, എം.വി. മൊഹിയുദ്ദീൻ, ജലാൽ ആറ്റിങ്ങൽ, സി.വി. അബ്ദുൾഗഫൂർ, സി.പി. ശശി, വി.വി. അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.