എടപ്പാൾ : ആറരക്കോടി രൂപചെലവാക്കി ഒരുക്കിയ സ്റ്റേഡിയം ഇപ്പോൾ ചരൽ മൈതാനമായി.അഞ്ചുവർഷം മുൻപ് നാലുവശവും ഗ്രിൽകെട്ടി, പച്ചപ്പുല്ലു വിരിച്ച് ഇരു വശത്തും ഗോൾപോസ്റ്റുകളൊക്കെയായി മനോഹരമായിരുന്നു സ്റ്റേഡിയം. പ്രദേശത്തെ കായിക വികസനത്തിനായി കെ.ടി. ജലീൽ എം.എൽ.എ. മുൻകൈയെടുത്ത് 105 x 68 മീറ്റർ വ്യാസത്തിൽ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്‌ബോൾ മൈതാനത്തോടു കൂടി സ്റ്റേഡിയം നിർമിക്കുകയായിരുന്നു. കോവിഡിന് മുൻപായിരുന്നു ഉദ്ഘാടനം. കുറച്ചുകാലം അടച്ചിടേണ്ടിവന്നു.
സ്വാഭാവിക പ്രതലത്തോടെയുള്ള മൈതാനം, മീഡിയാ റൂം, മെഡിക്കൽ റൂം, കളിക്കാർക്കുള്ള വിശ്രമസ്ഥലമടക്കമുള്ള അമിനിറ്റി സെന്റർ, ഇൻഡോർ ട്രെയിനിങ് സെന്റർ, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട്, നീന്തൽകുളം എന്നിവയൊക്കെ പദ്ധതിയിൽ വിഭാവനംചെയ്തു. എന്നാൽ ഒന്നും ആർക്കും കാണാനും ഉപയുക്തമാക്കാനും കഴിഞ്ഞില്ല.പരിപാലനത്തിനുള്ള തുകയും വൈദ്യുതിച്ചെലവുമെല്ലാം കണ്ടെത്താനാവാതെ സ്കൂൾ അധികൃതരും പഞ്ചായത്തും വലഞ്ഞു.
പലയിടവും കാടുകെട്ടി. സ്കൂളിലെ കുട്ടികളും പരിസരത്തെ ക്ലബ്ബുകാരുമെല്ലാം കളിച്ചും ഓടിയും ഡ്രൈവിങ് പഠിച്ചുമെല്ലാം വളർന്ന മൈതാനമാണിത്. സ്റ്റേഡിയമായതോടെ അതെല്ലാം നിലച്ചു. നാട്ടുകാർക്ക് ഉപകാരമില്ലാതായി.പുല്ലും മറ്റ് അനുബന്ധ സംവിധാനങ്ങളും പരിപാലിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ കുറഞ്ഞകാലം കൊണ്ടുതന്നെ കരിഞ്ഞുണങ്ങി മൈതാനം ചെളിക്കളമായി. ഡ്രെയ്‌നേജിലേക്ക് വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതിനാൽ വെള്ളം കെട്ടിനിൽക്കാനും തുടങ്ങി.
ഇനി അഖിലേന്ത്യാ സെവൻസ് മൈതാനം
മൈതാനം ചരൽ മൈതാനമായതോടെ ഈ വർഷം ഇ.എസ്.എ. അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഇവിടെ നടക്കാൻ പോകുകയാണ്. ഇതിനായി മൈതാനം മുഴുവൻ കുഴിച്ച് കാൽനാട്ടി ഗാലറി നിർമിച്ചു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഗോൾപോസ്റ്റുകളും വൈദ്യുതി വിളക്കുകളുമൊന്നും ഈ ടൂർണമെന്റിനും ഉപകരിക്കാനാവില്ലെന്നാണ് സംഘാടകർ പറയുന്നത്. അത് അവർ സ്വന്തം നിലയ്ക്കൊരുക്കുകയാണ്.