തിരൂർ : ബി.പി. അങ്ങാടി നേർച്ചയ്ക്കെത്തിയ ആന വിരണ്ട് തുമ്പിക്കൈയിൽ ചുരുട്ടി എറിഞ്ഞ് പരിക്കേറ്റു മരിച്ച തിരൂർ ഏഴൂരിലെ പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം വെള്ളിയാഴ്ച രാത്രി തെക്കുംമുറിയിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് നിരവധി പേർ അന്ത്യോപചാരമർപ്പിക്കാനെത്തി. കുറുക്കോളി മൊയ്തീൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. പത്മകുമാർ, ഗഫൂർ പി. ലില്ലീസ്, മനോജ് പാറശ്ശേരി, യാസിർ പൊട്ടച്ചോല, മെഹർഷ കളരിക്കൽ, സി.പി.എം. ഏരിയാസെക്രട്ടറി ടി. ഷാജി, അഡ്വ. പി.എം. സബീന, പി. മുനീർ, കൗൺസിലർമാരായ നജ്മുദ്ദീൻ ചക്കാലക്കൽ, മിർഷാദ് പാറയിൽ, വി. നന്ദൻ തുടങ്ങി വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും സാമൂഹികപ്രവർത്തകരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കൃഷ്ണൻകുട്ടി ആനയുടെ ആക്രമണമേറ്റത്.