കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ വിവരശേഖരണവും ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്‍റ്റ്‍വെയറിലൂടെ നടത്താനാകും. സ്കൂള്‍ വിദ്യാർഥികളുടെ ഹാജര്‍, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എന്നിവ ഉൾപ്പെടുത്തി അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കണം പ്രവര്‍ത്തിക്കുക. സമ്പൂര്‍ണ പ്ലസ് പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിർവഹിച്ചു.

സമ്പൂര്‍ണ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആണ് ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പിലും ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. സമ്പൂര്‍ണ പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രഥമാധ്യാപകര്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളില്‍ നിന്നും പാരന്റ് റോള്‍ സെലക്ട് ചെയ്ത് ഉപയോഗിക്കണം. ആദ്യമായി സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് കയറണം. കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ സമ്പൂർണയിലേക്ക് നൽകുന്ന രക്ഷിതാവിന്റെ മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി ലഭിക്കുന്നത് അതിനാല്‍ മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്.

രക്ഷിതാവിനുള്ള ലോഗിനിൽ യൂസര്‍ നെയിമായി മൊബൈല്‍ നമ്പരും പാസ്‍വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുമ്പോള്‍ ആ മൊബൈല്‍ നമ്പറുമായി‍ ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍ മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്കൂളില്‍ നിന്ന് അയയ്ക്കുന്ന മെസേജുകള്‍, ഹാജർ, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. രക്ഷാകര്‍ത്താവിനും അധ്യാപകര്‍ക്കും ആശയവിനിമയം നടത്തുന്നതിനും മൊബൈല്‍ ആപ്പിലെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ഡിസംബര്‍ മാസത്തില്‍ നടന്ന ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികളുടെ ടേം പരീക്ഷയുടെ വിവരങ്ങള്‍ മിക്ക സ്കൂളുകളും സമ്പൂര്‍ണ പ്ലസില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഈ ആപ്പ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ആവശ്യമായ സുരക്ഷാ-സ്വകാര്യത ക്രമീകരണങ്ങള്‍ സമ്പൂര്‍ണ പ്ലസില്‍ ഒരുക്കിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *