തിരുനാവായ : ദേശീയപാത പുത്തനത്താണിയിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്കും തിരിച്ചും കോഴിക്കോട് ഭാഗത്തേക്കും വളാഞ്ചേരി ഒഴിവാക്കി എളുപ്പമെത്താൻ യാത്രക്കാർ ഉപയോഗിക്കുന്ന പുത്തനത്താണി-തിരുനാവായ റോഡിലെ കുട്ടികളത്താണിയിലെ റോഡ് തകർച്ചയ്ക്ക് പരിഹാരമായി.
ചെലൂർ പള്ളിപ്പടിയിൽനിന്ന് റോഡിലേക്ക് തിരിയുന്ന ഭാഗം മുതൽ മസ്ജിദ് വരെയുള്ള ഭാഗം റോഡുയർത്തി കോൺക്രീറ്റ് ചെയ്ത് കട്ട വിരിച്ചു.കുട്ടികളത്താണിയിലെ റോഡ് തകർച്ചയെക്കുറിച്ച് നേരത്തെ ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. കാൽനടയാത്രപോലും പറ്റാത്ത സ്ഥിതിയിലായിരുന്നു റോഡ്. ആദ്യഘട്ടത്തിൽ റോഡ് ജെ.സി.ബി. ഉപയോഗിച്ച് ടാറിങ് അടർത്തി മാറ്റി റോഡ് താഴ്ത്തുകയായിരുന്നു.പിന്നെ റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് കെട്ടുകയും റോഡുയർത്തുകയും വെള്ളിയാഴ്ച കട്ട വിരിക്കുകയുമായിരുന്നു.
തിരക്കേറിയ റോഡായതിനാൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് പൂർണമായും പണി പൂർത്തീകരിക്കുക. പണി പൂർത്തീകരിക്കുന്ന 17 വരെ തിരുനാവായ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുട്ടിക്കളത്താണിയിൽനിന്ന് തിരൂർ റോഡിലൂടെ പാറക്കല്ല് വഴിയും പുത്തനത്താണിയിൽനിന്ന് തിരുനാവായ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടിച്ചിറ-കാട്ടിലങ്ങാടി എന്നീ റോഡുകൾ വഴിയും പോകണം.തുവ്വക്കാട് ഭാഗത്തേക്ക് തിരിയുന്നതുവരെയുള്ള റോഡ് അടുത്ത പദ്ധതിയിൽപ്പെടുത്തി കട്ട വിരിക്കും.തിരൂർ തുവ്വക്കാട് ഭാഗത്തുനിന്ന് വരുന്ന യാത്രക്കാരും പുത്തനത്താണിയിലേക്കെത്തിയിരുന്നത് ഇതിലൂടെയാണ്.