എടപ്പാൾ : ഓരോ മലയാളിയെയും മനസ്സിലാക്കുകയും അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത കഥാകാരനായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. എഴുത്ത് തുടങ്ങിയ കാലം മുതൽ മലയാളിയുടെ മതനിരപേക്ഷ കാഴ്ചപ്പാട് അദ്ദേഹം കൃതികളിലൂടെയും സിനിമകളിലൂടെയും വരച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തും പൊതുഗ്രന്ഥശാലയും വായനശാലയും ചേർന്ന് നടത്തിയ എം.ടി. അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ അധ്യക്ഷനായി. വിജയൻ കോതമ്പത്ത്, റഫീഖ് എടപ്പാൾ, അരുൺലാൽ, ഫാത്തിമ സബീന, ക്ഷമ റഫീഖ്, എ. ദിനേശൻ എന്നിവർ പ്രസംഗിച്ചു.