ആലത്തിയൂർ : അനർഹമായ മുൻഗണനാ കാർഡുകളെക്കുറിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫീസർ കെ.സി. മനോജ്കുമാറിന്റെ നേതൃത്വത്തിൽ തൃപ്രങ്ങോട് പഞ്ചായത്തിലെ വെള്ളാമശ്ശേരി, പരപ്പേരി, തലക്കാട് പഞ്ചായത്തിലെ പുളിഞ്ചോട് എന്നിവിടങ്ങളിൽ വീടുകൾ കയറി റേഷൻ കാർഡുകൾ പരിശോധിച്ചു.
132 വീടുകൾ പരിശോധന നടത്തിയതിൽ 23 മുൻഗണനാ കാർഡുകളും 16 സബ്സിഡി കാർഡുകളും അനർഹമാണെന്നു കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇവരിൽ നിന്ന് പിഴ ഈടാക്കും.
വാടകവീടുകളുടെ പേരിൽ മുൻഗണനാ കാർഡുകൾ കൈപ്പറ്റിയ അനർഹരെയും കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്നും മുൻഗണനാ കാർഡിന് അർഹത ഇല്ലാത്തവർ ഓഫീസിൽ നേരിട്ടു വന്ന് കാർഡ് മാറ്റണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷനിങ് ഇൻസ്പെക്ടർമാരായ ഷാജുദീൻ, ഹരി, വിജിത്ത്, ബിനുരാജ്, അബ്ദുൾ റസാഖ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.