എടപ്പാൾ : ഞായറാഴ്ച നടക്കുന്ന ശുകപുരം കുളങ്കര ഭഗവതീക്ഷേത്ര താലപ്പൊലിയുടെ മുന്നോടിയായി വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം ഉത്സവനഗരിയിലെയും പ്രദേശത്തെയും താത്കാലിക കടകളിൽ ശുചിത്വാരോഗ്യ പരിശോധന നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ ടെക്‌നിക്കൽ അസി. സി.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വെള്ളിയാഴ്ച മുതൽ പ്രദേശത്ത് പരിശോധന കർശനമാക്കിയത്. കുടിവെള്ളം, വില്പനയ്ക്കുവെച്ച ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ, പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, പൂരപ്പലഹാര കേന്ദ്രങ്ങൾ, ഐസ് ഉത്പന്നങ്ങൾ, പാനിപൂരി കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശദമായ പരിശോധനയാണ് നടക്കുന്നത്. പ്രദേശത്തെ കുടിവെള്ളസ്രോതസ്സുകളെല്ലാം സൂപ്പർ ക്ലോറിനേഷൻ നടത്തിയിരുന്നു. വി.വി. ദിനേശ്, സി. സജീവ്‌കുമാർ, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, എം.പി. രേഖ, രേഷ്മ പ്രവീൺ എന്നിവർ നേതൃത്വംനൽകി.