എടപ്പാൾ : പുലികളിയുടെയും തെയ്യംതിറകളുടെയും കരിങ്കാളിയുടെയും ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും പൊലിമ നിറഞ്ഞ അന്തരീക്ഷത്തിൽ ശുകപുരം കുളങ്കര ക്ഷേത്ര താലപ്പൊലി ആഘോഷിച്ചു.
തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി പി. ശ്രീധരൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം കലാമണ്ഡലത്തിന്റെ ഓട്ടൻതുള്ളലോടെയാണ് പരിപാടികളാരംഭിച്ചത്.
നാദസ്വരം, ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പല്ലാവൂർ ശ്രീധരൻ, ഏലൂർ അരുൺ ദേവ് വാരിയർ, ചേലേക്കര സൂര്യൻ, തുറവൂർ രാഗേഷ് കമ്മത്ത്, മച്ചാട്ട് പത്മകുമാർ എന്നിവർ നയിച്ച പഞ്ചവാദ്യം, ശുകപുരം രാമകൃഷ്ണന്റെ മേളം എന്നിവ വാദ്യപ്രേമികൾക്കു ഹരമായി.
എടപ്പാൾ, വട്ടംകുളം, വെങ്ങിനിക്കര, ചന്തക്കുന്ന്, ചോലക്കുന്ന്, കരിമ്പനക്കുന്ന് തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നായി പൂതൻ, തിറ, കരിങ്കാളി, കാവടിയാട്ടം, ശിങ്കാരിമേളം, കാളവരവ് തുടങ്ങിയ കലാവിരുന്നുകൾ ഉത്സവപ്പറമ്പിലെത്തി.
രാത്രി അത്താളൂർ ശിവൻ, ശുകപുരം ദിലീപ് എന്നിവരുടെ ഇരട്ടത്തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, തിരുവന്തപുരം ജോസ്‌കോയുടെ ഗാനമേള, ആയിരത്തിരി എന്നിവയോടെ രണ്ടാഴ്ചയായി നടന്ന താലപ്പൊലി ഉത്സവത്തിന് തിരശ്ശീല വീണു.
വെടിക്കെട്ടിനെത്തിയവർ നിരാശരായി
വർഷങ്ങളായി മുടങ്ങാതെ വെടിക്കെട്ടു നടന്നിരുന്ന കുളങ്കര ക്ഷേത്രത്തിൽ ഇത്തവണ അതു പ്രതീക്ഷിച്ചെത്തിയ ആയിരങ്ങൾ നിരാശരായി മടങ്ങി. കുളങ്കര വെടിക്കെട്ട് കമ്മിറ്റി, ടീം നടുവട്ടം എന്നിവരുടെ നേതൃത്വത്തിൽ അതിഗംഭീര വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെയാണ് പരിപാടി മുടങ്ങിയത്.
മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് അവസാന നിമിഷം അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉത്സവപ്പറമ്പിലെത്തിയത്.