തിരൂർ : താനൂർ ബോട്ടപകടത്തിന്റെ സാക്ഷിവിസ്താരത്തിൽ നിർണായക വെളിപ്പെടുത്തലുകൾ. പാലക്കാട് വെസ്റ്റ് യാക്കര സ്വദേശിയും നേവൽ ആർക്കിടെക്ടും അപകടത്തിൽപ്പെട്ട അറ്റ്‍ലാന്റിക്ക് ബോട്ടിന്റെ രൂപരേഖയും സ്റ്റബിലിറ്റി റിപ്പോർട്ടും അവസാന രൂപരേഖയും ഹീൽ ടെസ്റ്റ്റിപ്പോർട്ടും തയ്യാറാക്കിയ ആർ. അർജ്ജുനാണ് നിർമ്മാണം പൂർത്തിയായ ബോട്ടിനാണ് നിർമ്മാണരൂപരേഖ വരച്ചു നൽകിയതെന്ന നിർണായകവിവരം കമ്മിഷന് മുൻപിൽ വെളിപ്പെടുത്തിയത്. ബോട്ടുടമയായ നാസറിന്റെ ആവശ്യപ്രകാരമാണ് ബോട്ടിന്റെ രൂപരേഖ തയ്യാറാക്കാൻ താൻ പൊന്നാനിയിലെ യാർഡിലെത്തിയതെന്നും അവിടെയെത്തുമ്പോൾ ബോട്ടിന്റെ നിർമ്മാണം മുക്കാൽ ഭാഗമായിരുന്നൂവെന്നും ഈ ബോട്ടിനാണ് പണി പൂർത്തിയാകുംമുൻപ് വരച്ചുനൽകേണ്ട രൂപരേഖ വരച്ചുനൽകിയതെന്നും അർജ്ജുൻ മൊഴിനൽകി. പ്ലാനിൽ അപ്പർ ഡെക്കും കോണിപ്പടികളുമുണ്ടായിരുന്നില്ലെന്നും കരയ്ക്കുകിടന്ന ബോട്ടിനാണ് താൻ പ്രാഥമിക സ്റ്റബിലിറ്റി റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക സ്റ്റബിലിറ്റി റിപ്പോർട്ടിൽ 15 യാത്രക്കാരും മൂന്നു ജീവനക്കാരുമായിരുന്നു കപ്പാസിറ്റി. ഹീൽ ടെസ്റ്റിൽ 24 യാത്രക്കാരും രണ്ടു ജീവനക്കാർക്കുമാണ് ബോട്ടിന്റെ കപ്പാസിറ്റിയെന്നും എഴുതിയതായി അർജുൻ മൊഴിനൽകി.
കേരള മാരിടൈം ബോർഡ് സി.ഇ.ഒ.യും കേസിലെ സാക്ഷിയുമായ ഏറണാകുളം മരട് സ്വദേശി തോപ്പിൽ ടി.പി. സലീം കുമാറിനെയും കമ്മിഷൻ വിസ്തരിച്ചു. 2021-ലെ ഇൻ ലാൻഡ് വെസൽസ് ആക്ടിൽ അനധികൃതമായി നിർമ്മിച്ച ബോട്ടിന്റെ നിർമ്മാണം ക്രമവത്കരിക്കാൻ അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. പല ചോദ്യങ്ങൾക്കും ഓർമ്മയില്ല എന്ന മറുപടി നൽകി അദ്ദേഹം ഒഴിഞ്ഞുമാറുകയുമുണ്ടായി.
ചൊവ്വാഴ്ച ഹാജരാകാൻ 24 സാക്ഷികൾക്ക് സമൻസ് നൽകിയെങ്കിലും സാക്ഷി വിസ്താരം നീണ്ടതിനാൽ മൂന്നുപേരെ മാത്രമേ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. രാവിലെ 11-ന് തുടങ്ങിയ സാക്ഷിവിസ്താരം രാത്രി ഏഴിനാണ് അവസാനിച്ചത്. വിസ്താരം ബുധനാഴ്ചയും തുടരും.ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, കമ്മിഷനംഗങ്ങളായ എസ്. സുരേഷ്‌കുമാർ, ഡോ. കെ.പി. നാരായണൻ എന്നിവരുടെ മുൻപാകെയാണ് സാക്ഷിവിസ്താരം.