തവനൂർ : വായനശാലയെന്നാൽ വായനയ്ക്കൊപ്പം ഒരുപാട് പ്രവർത്തനങ്ങളിലൂടെ നാടിനെ ഉണർത്തുന്ന ഒരിടമാണെന്ന് തെളിയിക്കുന്നു കടകശ്ശേരി ഗ്രന്ഥാലയം ആൻഡ് വായനശാല.2018-19 വർഷത്തിൽ പൊന്നാനി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള ലൈബ്രറി കൗൺസിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.2019-20-ൽ ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ട് കളിക്കാരന്റെ മകൾ’ എന്ന നാടകം അവതരിപ്പിച്ച് താലൂക്ക്, ജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനതലത്തിൽ മത്സരിക്കുകയുമുണ്ടായി.
കൈയെഴുത്തുമാസികയായി ആരംഭിച്ച കടകശ്ശേരി ലൈബ്രറിയുടെ പ്രസിദ്ധീകരണമാണ് ശാരിക.എഴുതിത്തുടങ്ങുന്നവർക്കൊപ്പം പ്രശസ്തരായവരുടെയും രചനകൾ ഉൾപ്പെടുത്തി വർഷത്തിലൊരിക്കൽ ശാരിക ഓണപ്പതിപ്പായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ദ്വൈമാസികയായി ശാരിക പ്രസിദ്ധീകരിക്കുന്നുണ്ട്. വായനശാലയിൽ എത്തുന്നവർക്ക് വായിക്കാനായി പുസ്തകരൂപത്തിൽ വായനശാലയിൽ സൂക്ഷിക്കുന്നുണ്ട്.
ദൈനംദിന പ്രവർത്തനങ്ങൾക്കുപുറമെ എല്ലാ മാസവും പൊതുപരിപാടികൾ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. രക്തദാന ക്യാമ്പ്, ലഹരിവിരുദ്ധ ബോധവത്കണക്ലാസ്, വാനനിരീക്ഷണ ക്യാമ്പ് എന്നിവ ഉദാഹരണങ്ങളാണ്. ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ തൃക്കണാപുരം എസ്.എസ്.യു.പി. സ്‌കൂളിൽ ‘എഴുത്തുപെട്ടി’ പദ്ധതി കഴിഞ്ഞ രണ്ടു വർഷമായി നടത്തിവരുന്നുണ്ട്.
ഇപ്പോൾ നാലായിരത്തഞ്ഞൂറിൽപ്പരം പുസ്തകങ്ങളും നൂറ്റിഅൻപതിലേറെ അംഗങ്ങളുമുണ്ട്. കൂടാതെ നൂറിലേറേ ബാലവേദി അംഗങ്ങളുമുണ്ട്.ഇംഗ്ലീഷിലും മലയാളവുമായി നാലു ദിനപത്രങ്ങളും മാതൃഭൂമി തൊഴിൽവാർത്ത, ആരോഗ്യമാസിക തുടങ്ങി പത്തോളം ആനുകാലികങ്ങളും ഈ ഗ്രന്ഥശാലയിലുണ്ട്.2000 മാർച്ച് 15-ന് വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഗ്രന്ഥശാല, തവനൂർ ഗ്രാമപ്പഞ്ചായത്ത് അനുവദിച്ചപ്രകാരം കടകശ്ശേരി അങ്കണവാടിക്കെട്ടിടത്തിനു മുകളിലാണ് പ്രവർത്തിക്കുന്നത്.
ലൈബ്രറി കൗൺസിലിന്റെ ഗ്രേഡിങ്ങിൽ ഇപ്പോൾ ഡി ഗ്രേഡിലാണ് ഗ്രന്ഥശാലയുള്ളത്.പി. സുനിത അരവിന്ദ് (പ്രസി.), കെ.എൽ. മനോജ് (വൈസ് പ്രസി.), എ.ടി. മണികണ്ഠദാസ് (സെക്ര.), എം.വി. സിദ്ദു (ജോ. സെക്ര.), വി.വി. സുപ്രിയ (ലൈബ്രേറിയൻ) എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.പി.കെ. കൃഷ്ണജ (പ്രസി.), സി.കെ. അനയ് കൃഷ്ണ (വൈസ് പ്രസി.), എ.ടി. നിതിൻദാസ് (സെക്ര.), വി.വി. ശിഖ (ജോ. സെക്ര.) എന്നിവരാണ് ബാലവേദി ഭാരവാഹികൾ.