തിരൂർ : താനൂർ ഒട്ടുംപുറം തൂവൽതീരത്ത് അപകടത്തിൽപ്പെട്ട അറ്റ്‌ലാൻറിക് ബോട്ട് താനൂർ ആസ്ഥാനമായ സാംസ്‌കോ എന്ന സ്വകാര്യ കമ്പനിയുടെ പേരിൽ ആയിരുന്നുവെന്ന് 74-ാം സാക്ഷിയും സംഭവസമയത്ത് തിരൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ.യുമായിരുന്ന ഉദയരാജ്, ജസ്റ്റിസ് വി.കെ മോഹനൻ കമ്മിഷൻ മുൻപാകെ മൊഴിനൽകി.
നാസറും മകളുമാണ് കമ്പനിയുടെ ഡയറക്ടർമാർ. കമ്മിഷൻ മുൻപാകെ ഗുരുതരമായ വീഴ്ചകളാണ് ഇതുവരെ വിസ്തരിച്ച പല സാക്ഷികളും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ബോട്ടിന്റെ നിർമാണഘട്ടം മുതൽ സർവീസ് നടത്തുന്നതിന് ആവശ്യമായ സർവേ സർട്ടിഫിക്കറ്റ് അനുവദിച്ചതിൽ ഉൾപ്പെടെ വന്നിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പല സാക്ഷികളും പറഞ്ഞത്.
ഉൾനാടൻ ജലഗതാഗത യാനങ്ങളെ സംബന്ധിച്ചുള്ള കേരള ഇൻലാൻഡ് വെസ്സൽസ് റൂൾസിലെ പോരായ്‌മകളും കമ്മിഷൻ മുൻപാകെ പല മുതിർന്ന ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചിരുന്നു ആകെയുള്ള 103 സാക്ഷികളിൽ പകുതിയോളം പേരെയാണ് ഇതുവരെയായി കമ്മിഷൻ മുൻപാകെ വിസ്തരിച്ചിട്ടുള്ളത്.