തിരൂർ: കയ്യിൽനിന്നു വിലങ്ങൂരി കടന്നുകളഞ്ഞ പ്രതി 3 മാസങ്ങൾക്കു ശേഷം വീണ്ടും പൊലീസിന്റെ വലയിലായി. ബംഗാൾ ബർധമൻ നന്ദൈ സ്വദേശി മൊസറാഫ് അബ്ദുല്ല ഷെയ്ഖ് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 5നാണ് ഇയാൾ കടന്നുകളഞ്ഞത്. ഇയാളെയും ബംഗാൾ ഹൂഗ്ലി ഗോഷ്പുക്കൂർ സ്വദേശി ജഹുറൽ മണ്ഡൽ (31) എന്നയാളെയും 2 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. പ്രതികളുമായി ആരോഗ്യപരിശോധനയ്ക്കു പുറപ്പെട്ട സമയമാണ് അബ്ദുല്ല ഷെയ്ഖ് കയ്യിൽനിന്നു വിലങ്ങൂരി റെയിൽവേ സ്റ്റേഷൻ വഴി കടന്നുകളഞ്ഞത്. പിന്നാലെ പൊലീസും കുതിച്ചെങ്കിലും ആളെ കിട്ടിയിരുന്നില്ല.
സംഭവത്തെ തുടർന്ന് 2 പൊലീസുകാർ സസ്പെൻഷൻഷനിലായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനു വേണ്ടി പൊലീസ് ജില്ലയിൽ ശക്തമായ അന്വേഷണം നടത്തിയിരുന്നു. തിരൂർ ഭാഗത്തേക്കു വരാതെ പ്രതി കുറ്റിപ്പാല ചെട്ടിയാംകിണർ ഭാഗത്തു രഹസ്യമായി താമസിക്കുന്നുണ്ടെന്നു പൊലീസിനു വിവരം കിട്ടി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാളെ കോട്ടയ്ക്കൽ ഭാഗത്തുവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിട്ടുണ്ട്. തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്, എസ്ഐ ആർ.പി.സുജിത്, സീനിയർ സിപിഒമാരായ കെ.അരുൺ, കെ.ആർ.രാജേഷ്, സിപിഒ പി.സതീശ് കുമാർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.