തിരൂർ : സ്‌കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളക്കുടിശ്ശിക ഉടൻ നൽകണമെന്ന് തിരൂരിൽ നടന്ന കേരള സ്‌കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ് ) ജില്ലാ കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ഉച്ചഭക്ഷണ പദ്ധതിക്കായി കോടിക്കണക്കിനു തുക അനുവദിച്ചുവെന്ന് പറയുമ്പോഴും ദിവസക്കൂലിക്ക് പണിയെടുത്തുകൊണ്ടിരിക്കുന്ന സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് മൂന്നുമാസത്തെ ശമ്പളം കുടിശ്ശികയാണെന്ന് നേതാക്കൾ ആരോപിച്ചു. എച്ച്.എം.എസ്. സംസ്ഥാന ജനറൽസെക്രട്ടറി ടോമി മാത്യു ഉദ്ഘാടനംചെയ്തു. സംഘടനാ ജനറൽസെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷതവഹിച്ചു. ശ്രീധരൻ തേറമ്പിൽ, എം.പി. അബ്ദുല്ലക്കുട്ടി, കെ.വി റുക്കിയ, പി.എം. ഷംസുദ്ദീൻ, റംല ചക്കാലത്ത്, പി. ഷഹിന തുടങ്ങിയവർ സംസാരിച്ചു.