തിരൂർ : തുഞ്ചൻപറമ്പിന്റെ കവാടം കടന്ന് അകത്തെത്തിയാൽ ഇപ്പോഴും ആരുമൊന്നു വലത്തേക്കു നോക്കിപ്പോകും. അവിടെ ലൈബ്രറിയോടു ചേർന്നുള്ള കോട്ടേജിൽ ഇപ്പോഴും അക്ഷരമഹത്വം ഉണ്ടെന്നു കരുതാനാണ് എല്ലാവർക്കുമിഷ്ടം. മലയാളത്തിന്റെ സ്വന്തം എംടി താമസിച്ചിരുന്ന കോട്ടേജാണത്. ഭാഷാപിതാവിന്റെ സ്മരണയാണ് തുഞ്ചൻപറമ്പ്. അവിടെയൊരു കോണിൽ അതേ ഭാഷയിലൂടെ മലയാളികളുടെ സ്വന്തമായിത്തീർന്ന എംടിക്കും ഒരു സ്മാരകം വരികയാണ്.

തുഞ്ചൻപറമ്പിനെ ഇന്നു കാണുന്ന നിലയിൽ വളർത്തിയെടുത്തതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ – എം.ടി.വാസുദേവൻ നായർ. 32 വർഷമാണ് അദ്ദേഹം തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാനായിരുന്നത്. ഇക്കാലയളവിലാണ് തുഞ്ചൻപറമ്പ് വളർന്നതും സാഹിത്യ, സാംസ്കാരിക കേന്ദ്രമായി തീർന്നതും.

കേവലമൊരു സ്മാരകമല്ല, മറിച്ചു പഠനകേന്ദ്രമാണു തുഞ്ചൻപറമ്പിൽ വരുന്നത്. എംടി പഠനകേന്ദ്രം. ഭാഷയുടെ ചരിത്രം, സംസ്കാരം എന്നിവയ്ക്കു പ്രാധാന്യം നൽകുന്ന തരത്തിലാണ് കേന്ദ്രം നിർമിക്കുന്നത്. കൂടെ വരുന്ന തലമുറയ്ക്ക് എംടിയെന്ന മഹത്വത്തെ പരിചയപ്പെടുത്താനുള്ളതെല്ലാം അവിടെയുണ്ടാകണം, അദ്ദേഹത്തിന്റെ ജീവിതവും കൃതികളുമെല്ലാം ഈ കേന്ദ്രത്തിലൂടെ എല്ലാക്കാലവും നിലനിൽക്കണം – അതാണു ലക്ഷ്യം.

ആദ്യഘട്ടത്തിനായി സംസ്ഥാന സർക്കാർ 5 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. ഏതു തരത്തിലാണ് കേന്ദ്രം തുടങ്ങേണ്ടതെന്ന ചർച്ച തുടങ്ങിയിട്ടുണ്ട്. സാംസ്കാരിക വകുപ്പോ, തുഞ്ചൻ സ്മാരക ട്രസ്റ്റോ ഇതിനു നേതൃത്വം നൽകും. ഇക്കാര്യത്തെ കുറിച്ചു ചർച്ച ചെയ്യാൻ അടുത്തു തന്നെ ട്രസ്റ്റ് യോഗം വിളിക്കും. ഇതിൽ വച്ചു പദ്ധതി തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ച നടക്കും.

നിലവിൽ ഇവിടെയുള്ള ഭാഷാ മ്യൂസിയം, ലൈബ്രറി എന്നിവയെല്ലാം എംടി തുഞ്ചൻപറമ്പിന്റെ ചെയർമാനായ ശേഷം വന്നവയാണ്. ഇവിടെയുള്ള മ്യൂസിയത്തിൽ ഇനിയുമൊരുപാട് നവീകരണങ്ങൾ നടത്തണമെന്നത് എംടിയുടെ ആഗ്രഹമായിരുന്നു. ഭാഷയുടെ വളർച്ചയും മറ്റും എടുത്തു കാണിക്കുന്ന പലതും മ്യൂസിയത്തിൽ എത്തിക്കണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതിനുള്ള നടപടികളിലേക്കു കടക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്. ഇക്കാര്യങ്ങളെല്ലാം എംടി പഠനകേന്ദ്രത്തിലൂടെ സാധ്യമായേക്കും.

എം.ടി.വാസുദേവൻ നായരെ പോലെ ഒരു യുഗത്തിൽ ഒന്നുമാത്രം ഉണ്ടാകാൻ സാധ്യതയുള്ള ഒരു മഹാപ്രതിഭയ്ക്ക് സർക്കാർ നൽകുന്ന ആദരമാണിത്. അത് അനുയോജ്യമായ രീതിയിലുള്ള ഒരു പഠനകേന്ദ്രമാക്കി മാറ്റണം. മറ്റു പലരുടെയും നിർദേശങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കുകയാകും നല്ലത്. തുഞ്ചൻ ട്രസ്റ്റിനു വലിയ അഭിമാനവും സന്തോഷവുമുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *