തിരുനാവായ : മാമാങ്കോത്സവ ഭാഗമായി ബന്തർ ബിനാലെ എന്നപേരിൽ തിരുനാവായ ബന്തർകടവിൽ നടന്ന അശ്വാരൂഢ മത്സരം (കുതിരയോട്ടം) ആവേശം പകർന്നു. കേരള ചരിത്രത്തിൽ ഭാരതപ്പുഴയുടെ തീരത്തു നടന്നിരുന്ന കുതിരക്കച്ചവടത്തെ അനുസ്‌മരിച്ചാണ് പരിപാടി നടന്നത്. നാൽപ്പതോളം കുതിരകൾ പങ്കെടുത്തു. അറബിക്കടൽവഴി എത്തിയിരുന്ന കുതിരകളെ ഭാരതപ്പുഴ തീരംവഴി തമഴ്നാട്ടിലേക്ക് കൊണ്ടുപോയി വിറ്റിരുന്നു. പട്ടാമ്പിക്കടുത്ത് കൊളമുക്ക് പോലുള്ള സ്ഥലങ്ങൾ ഇതിന്റെ ഇടത്താവളങ്ങളായിരുന്നു.
പുതുതലമുറയ്ക്ക് ചരിത്രം പകർന്നുനൽകുന്നതോടൊപ്പം അറേബ്യൻ നാടുകളിൽ നടത്തിവരുന്ന ഈ വിനോദം പുതുതലമുറയ്ക്ക് ആകർഷകമാകുമെന്നതിനാലാണ് മത്സരം നടത്തിയത്. മത്സരത്തിൽ സാനു റൈഡറായ സുൽത്താൻ കുതിര ഒന്നാംസ്ഥാനത്തെത്തി. സിനാൻ റൈഡറായ പാത്തു കുതിര രണ്ടാംസ്ഥാനവും പോപ്പി റൈഡറായ ഹീര കുതിര മൂന്നാംസ്ഥാനവും നേടി. പുരാവസ്തു സംരക്ഷണ സംഘടനയായ നാപ്‌സിന്റെ സഹകരണത്തോടെ പുരാവസ്തു പ്രദർശനം നടന്നു. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ വയനാട് ശാഖയിൽനിന്നുള്ള അപൂർവവിത്തുകളുടെ പ്രദർശനവും നടന്നു.
സാമൂതിരി കുടുംബാംഗം ഡോ. രതി തമ്പുരാട്ടി ബന്തർ ബിനാലെ ഉദ്ഘാടനംചെയ്തു. കെ.കെ. റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. ചിറക്കൽ ഉമ്മർ ചരിത്രാവതരണം നടത്തി. ചങ്ങമ്പള്ളി മൻസൂർ ഗുരുക്കൾ, അബ്ദുൽറഷീദ് പൂവത്തിങ്കൽ, അഷ്‌കർ പല്ലാർ, എം.കെ. സതീശ്ബാബു, കാടാമ്പുഴ മൂസ ഗുരുക്കൾ, നടുവഞ്ചേരി കുഞ്ഞിബാവ തുടങ്ങിയവർ പങ്കെടുത്തു. കുതിരയോട്ട മത്സര വിജയികൾക്കുള്ള സമ്മാനദാനം ലഫ്റ്റണൽ കെ.എ. ഖാദർ ഉദ്ഘാടനംചെയ്തു. വാർഡംഗം സോളമൻ വിക്ടർ ദാസ് അധ്യക്ഷതവഹിച്ചു. ഉള്ളാട്ടിൽ രവീന്ദ്രൻ, ഇ.പി. ലത്തീഫ്, ഷഹീർ വള്ളക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച അങ്ങാടിപ്പുറത്തുനിന്ന് ആരംഭിക്കുന്ന അങ്കവാൾ പ്രയാണം വൈകീട്ട് കൊടക്കൽ നിലപാടുതറയിൽ സമാപിക്കും.