തിരൂർ : മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്‌ കേന്ദ്രത്തിന്റെ ഭാഗമായി പുതിയ കോഴ്സുകൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശഭാഷാ പഠനത്തിന്റെയും പരിഭാഷയുടെയും ഉപകേന്ദ്രം, ഭാഷാസാങ്കേതികവിദ്യ ഉപകേന്ദ്രം, കേരളത്തിലെ തദ്ദേശഭാഷകളുടെ പഠന ഉപകേന്ദ്രം എന്നിവ സ്ഥാപിക്കും.

ഇതിൽ വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. ആദ്യഘട്ടമായി കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സ്, ജർമൻ എ വൺ കോഴ്സ് എന്നിവയാണ് മലയാളസർവകലാശാലയിൽ ആരംഭിക്കുന്നത്.ജർമൻ, അറബിഭാഷാ പഠന കോഴ്സുകൾക്ക് പഠനബോർഡുകൾ രൂപവത്കരിച്ച് സിലബസ് നിർമാണം പൂർത്തിയാക്കി പണ്ഡിതസഭ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്ലാസുകൾ മലയാളസർവകലാശാലയിലും പൊന്നാനി ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുന്ന സൈനുദ്ദീൻ മഖ്ദൂം ഉപകേന്ദ്രത്തിലും ഉടൻ ആരംഭിക്കും.കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ ആഗോളനിലവാരത്തിൽ എത്തിക്കാൻ സ്ഥാപിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായിത്തീരും സർവകലാശാല. ഭാഷാവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്‌കാരികവൈവിധ്യം എന്നിവയ്ക്കും പ്രാധാന്യം നൽകും.

കേരളത്തിലെ പ്രാദേശികഭാഷകളുടെയും മറ്റ് ഇന്ത്യൻ, ആഗോള ഭാഷകളുടെയും പഠന-ബോധന പ്രക്രിയ മെച്ചപ്പെടുത്താനും നവീന പഠനരീതികളും സാങ്കേതികവിദ്യകളും അന്തർവൈജ്ഞാനിക ഗവേഷണവും ആവിഷ്‌കരിച്ച് കേരളത്തെ ഭാഷാമികവിന്റെ ആഗോളകേന്ദ്രമാക്കി മാറ്റാനുമാണ് മികവിന്റെ കേന്ദ്രം.പത്രസമ്മേളനത്തിൽ വൈസ്‌ ചാൻസലർ ഡോ. എൽ. സുഷമ, രജിസ്‌ട്രാർ ഇൻചാർജ്‌ ഡോ. കെ.എം. ഭരതൻ എന്നിവരും പങ്കെടുത്തു.

അപേക്ഷകൾ 26 വരെ സ്വീകരിക്കും

പുതുതായി ആരംഭിച്ച കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ഈ മാസം 15 മുതൽ 26 വരെ സ്വീകരിക്കും. അപേക്ഷ ഗൂഗിൾ ഫോം രൂപത്തിൽ ഓൺലൈനായി നൽകും. ഇത് സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാക്കും. അപേക്ഷാഫീസ് 500 രൂപ. അർഹതയുള്ള സാമൂഹിക വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. കോഴ്സിന് സൗകര്യപ്രദമായ ബാച്ചുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകും.

ഒരു ബാച്ചിൽ പരമാവധി 30 വിദ്യാർഥികൾക്ക് അവസരം ലഭിക്കും.യോഗ്യത പ്ലസ്ടു.

കോഴ്സ് ഫീസ്: അറബിക്: 5000-8000. ജർമൻ: 100000-120000.കോഴ്സ് കാലയളവ്: അറബിക്: 120 മണിക്കൂർ. ജർമൻ: 80-90 മണിക്കൂർ. കോഴ്സ്. വിശദവിവരങ്ങൾ malayalamuniversity.edu.in എന്ന സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *