കുറ്റിപ്പുറം : ചെമ്പിക്കൽ റെയിൽവേ ഗേറ്റിനകത്തെ പാളത്തിന് ഇരുവശത്തുമുള്ള സിമന്റ് കട്ടകൾ തകർന്നത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ടാകുന്നു. തകർന്ന സിമന്റ് കട്ടകളുടെ ഭാഗത്തെ കുഴികൾ ഇരുചക്രവാഹനയാത്രക്കാർക്കാണ് കൂടുതൽ ഭീഷണി ഉയർത്തുന്നത്. തീവണ്ടി കടന്നുപോയതിനുശേഷം റെയിൽവേ ഗേറ്റ് തുറന്നാൽ പിന്നെ ഇരുഭാഗത്തുനിന്നും വാഹനങ്ങളുടെ ഒരു ഒഴുക്കുതന്നെയാണുണ്ടാകാറുള്ളത്.
ഇതിനിടയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മിക്ക വാഹനങ്ങളും വേഗം കുറച്ചാണ് കടന്നുപോകുക. വേഗം കുറച്ചുള്ള യാത്രക്കിടയിൽ സിമന്റ് കട്ടകൾ തകർന്ന ഭാഗങ്ങളിലെ കുഴികളിൽപ്പെട്ട് ഇരുചക്രവാഹനങ്ങൾ മറിയുന്നതും പരിക്കേൽക്കുന്നതും പതിവാണ്. കുഴികളിൽപ്പെടുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങൾക്കുമേൽ ഇടിക്കുന്നുണ്ട്.
വർഷത്തിൽ മൂന്ന് തവണയെങ്കിലും ഇവിടെ റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണികൾ നടക്കും. ഈ സമയത്തെല്ലാം സിമന്റ് കട്ടകൾ പൊളിച്ചുമാറ്റും. ഇവ പുനഃസ്ഥാപിച്ചാലും ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും സിമന്റ് കട്ട തകർന്ന് അവിടെ കുഴിയായി മാറും. യാത്രക്കാർ നിരന്തരം പരാതിപ്പെട്ടാൽ മാത്രമേ പുതിയ സിമന്റ് കട്ടകൾ റെയിൽവേ സ്ഥാപിക്കുകയുള്ളൂ. ഇപ്പോൾ ഇവിടെ പലയിടത്തും സിമന്റ് കട്ടകൾ തകർന്ന് കുഴികളായിരിക്കുകയാണ്.
പലവട്ടം നാട്ടുകാർ ഈ വിഷയം റെയിൽവേ അധികൃതർക്ക് മുൻപിൽ അവതരിപ്പിച്ചിട്ടും പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിൽ അധികൃതരെ നേരിൽക്കണ്ട് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.