തിരൂർ : ഖുർആൻ മഹാദ്ഭുതങ്ങളുടെ കലവറയാണെന്നും ഖുർആൻ പാരായണം ചെയ്യുമ്പോൾ നമുക്കു മുൻപിൽ അറിവിന്റെ വാതായനം തുറക്കപ്പെടുമെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. തിരൂർ സാംസ്‌കാരികവേദി ഉണ്യാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്‌മായിൽ പുതുശ്ശേരി അധ്യക്ഷതവഹിച്ചു. പാണക്കാട് കുടുംബത്തിലെ ഇളംതലമുറയിൽനിന്ന് ഈയിടെ ഖുർആൻ മനഃപാഠമാക്കി സനദ് സ്വീകരിച്ച മിയാസലി ശിഹാബ് തങ്ങൾ, സിദ്ഖലി ശിഹാബ് തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, അലി ദിൽദാർ ശിഹാബ് തങ്ങൾ എന്നീ പ്രതിഭകൾക്ക് സ്നേഹാദരം നൽകി.
അവരുടെ ഖുർആൻ പാരായണത്തിനുപുറമെ അബുദാബി ഗ്രാൻഡ് മസ്ജിദിലെ മുൻ മുഅദ്ദിൻ അഹമ്മദ് നസീം ബാഖവി, മിസ്അബ് കൊടുവള്ളി, തിരൂരിലെ ഉമറലി ശിഹാബ് തങ്ങൾ സ്‌മാരക ഹിഫ്‌ളുൽ ഖുർആൻ കോളേജിൽനിന്ന് ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് മുഹമ്മദ് മിഫസലുൽ ഹുദ, തിരൂർ പഴങ്കുളങ്ങരയിലെ ഐ.പി അഹമ്മദ്‌കുട്ടി മാസ്റ്റർ സ്മാരക ഹിഫ്‌ളുൽ ഖുർആൻ കോളേജിൽനിന്നുള്ള ഹാഫിള് മുഹമ്മദ് ഫർഹാൻ, മുഹമ്മദ് ഷിബിൻ എന്നിവർ ഖുർആൻ വിവിധ ശൈലികളിൽ പാരായണംചെയ്തു.
പരിശീലകനും പ്രഭാഷകനുമായ ഡോ. സുലൈമാൻ മേൽപ്പുത്തൂർ ഉദ്ബോധന പ്രഭാഷണം നടത്തി. ഉണ്യാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിന്റെ ഉടമ പി.പി. ബഷീർ ഹാജിക്ക് ബഷീറലി ശിഹാബ് തങ്ങൾ സ്നേഹോപഹാരം സമ്മാനിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ., എ.എസ്.കെ. തങ്ങൾ, പി.എ. റഷീദ്, കെ.എൻ. മുത്തുക്കോയ തങ്ങൾ, എം. അബ്ദുള്ളക്കുട്ടി, പി.പി. അബ്ദുറഹ്‌മാൻ, എം.എ. റഫീഖ്, കെ.എം. നൗഫൽ, വി.കെ. റഷീദ്, മുഅതസിംബില്ല, നൗഷാദ് അന്നാര എന്നിവർ പ്രസംഗിച്ചു.