തിരൂർ : സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിന്റെ പുതിയ കെട്ടിടം വെള്ളിയാഴ്ച വൈകീട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും. കംപ്യൂട്ടർ ലാബ് സമുച്ചയം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനംചെയ്യും. എൻ.ബി.എ. അംഗീകാരപത്രം മന്ത്രി വി. അബ്ദുറഹ്‌മാനും വെബ് കാസ്റ്റ് സ്റ്റുഡിയോ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും നിർവഹിക്കും. വിരമിച്ചവരുടെ സൗഹൃദസംഗമം രാവിലെ പത്തിന് കെ.എം.ഇ.എ. ട്രഷറർ എച്ച്. ഇ. ബാബുസേട്ട് ഉദ്ഘാടനംചെയ്യും.
വിദ്യാഭ്യാസവിചക്ഷണനും മുൻസ്പീക്കറുമായിരുന്ന കെ.എം. സീതി സാഹിബിന്റെ സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാൻ കേരള മുസ്‌ലിം എജുക്കേഷണൽ അസോസിയേഷന് കീഴിൽ 1962-ൽ സ്ഥാപിതമായതാണ് പോളിടെക്നിക്. 150 വിദ്യാർഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് വിവിധ ബ്രാഞ്ചുകളിലായി 1200-ഓളം കുട്ടികൾ പഠിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പോളിടെക്‌നിക്കുകളിൽ ഒന്നാണ്. രണ്ടു ട്രെയ്‌ഡിൽ ഐ.ടി.ഐ. കോഴ്സുകൾ നടന്നുവരുന്നു. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ അബുദാബിയുടെ സഹായങ്ങളും പൂർവവിദ്യാർഥികളുടെ സഹായങ്ങളും വിലമതിക്കാനാവാത്തതാണ്.
ഏകദേശം 50,000 യുവാക്കൾക്ക് ജീവിതവഴിയൊരുക്കാൻ കഴിഞ്ഞു. മുഴുവൻ ബ്രാഞ്ചുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ പോളിടെക്‌നിക് എന്ന നേട്ടവുമുണ്ടായി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള ഐ.ഇ.ഡി.സി. ഇന്നവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെന്റ് സെന്റർ, കെ-ഡിസ്ക് യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ഇ.ഡി. ക്ലബ്ബ്, എന്നീ സംരംഭകത്വ വികസനപരിശീലനങ്ങളുമുണ്ട്. മികച്ച സന്നദ്ധ പ്രവർത്തനത്തിനു നാഷണൽ സർവീസ് സ്കീം അവാർഡുകളും ലഭിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സാമൂഹിക വൈജ്ഞാനിക മുന്നേറ്റത്തിന്റെയും അംഗീകാരമായി ജി-20 രാജ്യങ്ങളുടെ 2023 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് അവതരിപ്പിച്ചു. മൂന്ന് പതിറ്റാണ്ട് എസ്.എസ്.എം. പോളിടെക്‌നിക്കിന്റെ ചെയർമാൻ സ്ഥാനം വഹിച്ച അന്തരിച്ച കെ. കുട്ടി അഹമ്മദ്കുട്ടി മുന്നോട്ടുവെച്ച വികസന ആശയങ്ങൾ മുറുകെപ്പിടിച്ച് നൂതനാശയങ്ങളുമായാണ് പുതിയ ഗവേണിങ് ബോഡി ചെയർമാൻ ഗ്ലോബൽ വിന്നർ ടെക്നോപ്രണർ കൂടിയായ ഡോ. അൻവർ അമീൻ ചേലാട്ട് പോളിടെക്നിക്കിന്റെ ഭരണനേതൃത്വം ഏറ്റെടുത്തത്.