എടപ്പാൾ : ചരിത്രപ്രസിദ്ധമായ എടപ്പാൾ അങ്ങാടിയോട് എടപ്പാൾ ഗ്രാമപ്പഞ്ചാത്ത് ഭരണസമിതി തുടരുന്ന അവഗണനയ്ക്ക് ചരിത്രം മാപ്പുനൽകില്ലെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ.അങ്ങാടിയിൽ വാർഡ് യു.ഡി.എഫ്. കമ്മിറ്റി നടത്തിയ അങ്ങാടി സംരക്ഷണസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പഴയമാർക്കറ്റിൽ 1.5 കോടിയോളം രൂപ ചെലവിൽ നിർമാണമാരംഭിച്ച സ്കിൽ ഡിവലപ്പ്‌മെന്റ് സെന്റർ പണി പൂർത്തീകരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
രാത്രിയായാൽ കെട്ടിടം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടകേന്ദ്രമാണ്. പഞ്ചായത്ത് അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തു വരും. സംഗമത്തിൽ വി.കെ.എ. മജീദ് അധ്യക്ഷനായി.ഷാർജ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്, സുരേഷ് പൊൽപ്പാക്കര, സി. രവീന്ദ്രൻ, കെ.ടി. ബാവഹാജി, ഇ.പി. രാജീവ്, റഫീഖ് പിലാക്കൽ, എസ്. സുധീർ, അഡ്വ. കവിതാശങ്കർ, കെ.വി. ബാവ എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് കുട്ടി എടപ്പാൾ, ജുബൈരിയ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, ജിഷ ഷാജു എന്നിവർ നേതൃത്വം നൽകി.