കുറ്റിപ്പുറം : വധശ്രമക്കേസിൽ അറസ്റ്റിലായ അസം സ്വദേശിയായ യുവാവ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽനിന്ന് വിലങ്ങോടെ കടന്നുകളഞ്ഞു. അസമിലെ ദിബ്രി ജില്ലയിലെ ഹർദേമാറ സ്വദേശി മൊയ്നുൽ ഹഖ് (32) ആണ് അസം പൊലീസിന്റെ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ നാലോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
അസം പൊലീസിന്റെ സുരക്ഷയിൽ കണ്ണൂരിൽനിന്ന് മംഗളൂരു–ചെന്നൈ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുറ്റിപ്പുറത്തുനിന്നാണ് പ്രതി കടന്നത്. ട്രെയിൻ കുറ്റിപ്പുറത്ത് നിർത്തിയതോടെ റിസർവേഷൻ കംപാർട്ട്മെന്റിൽ നിന്ന് ഓടിപ്പോവുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ മയങ്ങുന്നതിനിടെയാണ് ഇയാൾ ഓടിയത്. ഒരു കയ്യിൽ മാത്രമാണ് വിലങ്ങ് അണിയിച്ചിരുന്നത്.