ചങ്ങരംകുളം : മൂക്കുതലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ 25-ലധികം തെങ്ങിൻതൈകൾ നശിപ്പിച്ചു. വിവിധ ഇനത്തിൽപ്പെട്ട വൃക്ഷത്തൈകളും നശിപ്പിച്ചിട്ടുണ്ട്. മൂക്കുതല ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറ്റിപ്പുറത്ത് വീട്ടിൽ രാമചന്ദ്രൻ നമ്പീശന്റെ (കൊച്ചുണ്ണി) വീട്ടിലെ ഏഴോളം തെങ്ങിൻതൈകളാണ് നശിപ്പിച്ചത്. തൊട്ടടുത്ത സഹോദരന്റെ വീടായ കുറ്റിപ്പുറത്ത് വീട്ടിൽ ഉഷ കേശവൻ നമ്പീശന്റെ വീട്ടിലെ എട്ടോളം തെങ്ങിൻതൈകളും നശിപ്പിച്ചു.
പന്നിക്കാട്ട് രാജൻ നമ്പീശന്റെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ ഹൈബ്രിഡ് ഇനത്തിലുള്ള ഏകദേശം 50,000 രൂപ വിലവരുന്ന തെങ്ങിൻതൈകൾ, മുന്തിയ ഇനം ഗ്രാഫ്റ്റ് പ്ലാവിൻതൈകൾ, മാവിൻതൈകൾ എന്നിവയും കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. അതിനുപുറമേ പ്രദേശത്തെ നിരവധി വീടുകളിലെ ഫലവൃക്ഷത്തൈകളും തെങ്ങിൻതൈകളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നന്നംമുക്ക് പഞ്ചായത്ത് അധികൃതരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇടപെട്ട് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.