ചങ്ങരംകുളം : മലപ്പുറം-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോട്‌ നവീകരണം പുനരാരംഭിച്ചു. 2023-ൽ ഭാഗികമായി നടത്തിയ തോട്‌ നവീകരണമാണ്‌ പൂർത്തിയാക്കുന്നത്‌. കടവല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയും ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ 2023- ൽ നവീകരണം ആരംഭിച്ചത്‌. ആ വർഷം പകുതി പണികൾ തീർക്കുകയുണ്ടായി. കടവല്ലൂർ തറമ്മയിൽ താഴത്ത്‌ നിന്നാരംഭിച്ച്‌ കോക്കൂർ വഴി പാലക്കാട്‌ ജില്ല‌യിലെ കൊള്ളഞ്ചേരി വരെ നീളുന്ന തോടിന്റെ ആഴം കൂട്ടുകയും ബണ്ട്‌ വരമ്പ്‌ ബലപ്പെടുത്തുകയുമാണ് ഇപ്പോൾചെയ്യുന്നത്.

പ്രദേശത്തെ നെൽക്കർഷകരുടെയും ഏറെ കാലത്തെ ആഗ്രഹമാണിത്‌.തോടിന്റെ ബാക്കി രണ്ടു കിലോ മീറ്റർ ഭാഗം നവീകരിക്കാൻ വേണ്ടി ആലങ്കോട് പഞ്ചായത്ത്‌ എസ്റ്റിമേറ്റ്‌ ഇട്ടെങ്കിലും ഇതുവരെ പദ്ധതി തുടങ്ങിയിട്ടില്ല. തോട്‌ നവീകരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ നാലുവർഷം മുമ്പ്‌ മേഖലയിലെ കർഷകർ ഒറ്റക്കെട്ടായി തോട്ടിൽ ഒരു പകൽ മുഴുവൻ ഇറങ്ങി നിന്ന് നിരാഹാര നിൽപ്പുസമരം നടത്തിയിരുന്നു.എംഎൽഎമാരായ എ.സി. മൊയ്തീൻ, പി. നന്ദകുമാർ എന്നിവർ മുൻകൈയെടുത്ത്‌ കർഷകരുമായി നടത്തിയ ചർച്ചയിൽ തോട്‌ നവീകരണം ഉടൻ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

എന്നിട്ടും ഫലമില്ലാതെ ഒടുവിൽ കർഷകർക്ക് സ്വയം പിരിവെടുത്ത് ആ വർഷം തോടിന്റെ 490 മീറ്റർ ഭാഗം ആഴം കൂട്ടുകയുണ്ടായി.30 വർഷമായി തരിശ്‌ കിടന്നിരുന്ന 600 ഏക്കർ മുണ്ടകൻ കൃഷിയാണ് മേഖലയിലെ കർഷകർ കഴിഞ്ഞ ആറു വർഷമായി കൃഷി ചെയ്യുന്നത്.അതിൽ മൂന്നുവർഷവും വെള്ളം കിട്ടാത്തതുകൊണ്ട് കൃഷി ഭാഗികമായി കരിഞ്ഞുണങ്ങി നഷ്ടത്തിലായി.ഈ ഭാഗത്ത്‌ ജലസേചനത്തിന് ആകെയുള്ള കൊള്ളഞ്ചേരി തോട്‌ മണ്ണ് വന്ന് തൂർന്ന അവസ്ഥയിലായത് കൊണ്ട്‌ ഒതളൂർ ബണ്ടിൽ നിന്ന് വെള്ളം ലഭിക്കുമ്പോൾ സംഭരിക്കാൻ കഴിയാത്തതാണ്‌ കാരണം. പദ്ധതി പൂർണമാകുന്നതോടെ മേഖലയിലെ കാർഷിക അഭിവൃദ്ധി മാത്രമല്ല കുടിവെള്ളക്ഷാമത്തിനു കൂടി പരിഹാരമാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *