തിരൂർ : പോലീസ് ലൈൻ-പൊന്മുണ്ടം ബൈപ്പാസ് റോഡുപണി പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടു. ഈ റോഡരിക് പോലീസ് പിടികൂടിയ മണൽലോറികളും മറ്റ് കേസുകളിലുൾപ്പെട്ട വാഹനങ്ങളും കൊണ്ടുതള്ളാനുള്ള ഇടമായി മാറി. വാഹനങ്ങളിൽ കാടുമൂടിയതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുഷ്കരമായി. പാമ്പും പെരുച്ചാഴിയും മറ്റു ക്ഷുദ്രജീവികളും ഈ വാഹനങ്ങൾക്കുള്ളിൽ താമസമാക്കി.
സമീപവാസികൾക്കും ഇതു ശല്യമായി മാറി. നഗരസഭയുടെ സ്മൃതി ശ്മശാനം, അങ്കണവാടി, നഗരസഭാ ട്രഞ്ചിങ് ഗ്രൗണ്ട്, എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, വീടുകൾ എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നവർക്ക് ഇത് ദുരിതമുണ്ടാക്കുകയാണ്.തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പലയിടങ്ങളിൽനിന്ന് പിടികൂടിയ നൂറോളം വാഹനങ്ങൾ ഡിവൈഎസ്‌പി ഓഫീസ് പരിസരത്ത് നശിച്ചുകിടക്കുകയാണ്.വാഹനങ്ങൾ വില കെട്ടി ലേലം ചെയ്തു വിൽക്കുന്നതിൽ കാലതാമസം വരുന്നുണ്ട്. ഇതു കാരണം നാട്ടുകാർ ഗതികെട്ടിരിക്കുകയാണ്.