തിരുനാവായ : സുൽത്താൻ കൃഷിയിറക്കിയ തണ്ണിമത്തൻ വിളവെടുപ്പ് വൻവിജയം. ഇതു രണ്ടാം തവണയാണു സുൽത്താൻ താഴത്തറ തണ്ണിമത്തൻ കൃഷിയിറക്കുന്നത്. എടക്കുളം സ്വദേശി പാട്ടത്തിനു നൽകിയ ഒന്നരയേക്കർ സ്ഥലത്താണ് സുൽത്താൻ കൃഷിയിറക്കിയത്.പഞ്ചായത്തും കൃഷിഭവനും സഹായം നൽകി. ഉള്ളിൽ ചുവപ്പു നിറമുള്ളതും മഞ്ഞ നിറമുള്ളതുമായ തണ്ണിമത്തനുകൾ കൃഷി സ്ഥലത്ത് വ്യാപകമായി വിളഞ്ഞു.
തികച്ചും ജൈവ രീതിയിലാണ് കൃഷി. കഴിഞ്ഞ വർഷവും കൃഷിയിറക്കി വിജയം നേടിയിരുന്നു. വഹാബ് താഴത്തറ, സദ്ദാം ബാബു, കെ.അബ്ദുൽ ലത്തീഫ് എന്നിവരും സഹായത്തിനുണ്ട്. കൃഷി ഓഫിസർ കെ.അശ്വിൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. പി.സജ്ന, സി.വി.കുഞ്ഞാപ്പു ഹാജി, സൂർപ്പിൽ ബാവ ഹാജി എന്നിവർ പ്രസംഗിച്ചു.