മാറഞ്ചേരി : ഉപജീവനപദ്ധതികളിൽ മികവുകാട്ടി ജില്ലയിൽ ഒന്നാമതായതിന്റെ ആഹ്ലാദത്തിലാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ മാറഞ്ചേരി സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ 2022 -23 വർഷത്തെ മികച്ച മാതൃകാ പ്രവർത്തനം നടത്തിയ ബഡ്‌സ് സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ കുടുംബശ്രീ മാതൃകാ പുരസ്‌കാരത്തിന് ജില്ലയിൽ ഒന്നാമതായി മാറഞ്ചേരി സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ തിരഞ്ഞെടുത്തു.
കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്നു നടപ്പാക്കിയ സോപ്പ്, സോപ്പുപൊടി ഉൾപ്പെടയുള്ള ക്ലീനിങ് ഉത്‌പന്നങ്ങൾ നിർമിക്കുന്നതിൽ മികച്ച മാതൃകയായിരുന്നു സ്‌പെക്‌ട്രം സ്‌കൂളിലെ വിദ്യാർഥികൾ കാഴ്ചവെച്ചത്. തങ്ങൾ നിർമിച്ച ക്ലീനിങ് ഉത്‌പന്നങ്ങൾ വിപണനം നടത്തിയതിന്റെ ലാഭം ഉപയോഗിച്ചായിരുന്നു വിദ്യാർഥികൾ ഇത്തവണ ഓണക്കോടി വാങ്ങിയത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ മുഴുവൻ അങ്കണവാടികളിലും സ്‌പെക്‌ട്രം സ്‌കൂളിലെ വിദ്യാർഥികൾ നിർമിച്ച ക്ലീനിങ് ഉത്‌പന്നങ്ങളാണ് ഉപയോഗിക്കുന്നത്.
ജൈവരീതിയിലൂടെ പച്ചക്കറികൃഷി നടത്തുന്നതിലൂടെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ശാരീരിക മാനസിക ഉല്ലാസം ലക്ഷ്യമിട്ട് നടപ്പാക്കിവരുന്ന സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ അഗ്രോ തെറാപ്പി പദ്ധതിയും ജില്ലയിൽതന്നെ ശ്രദ്ധേയമായിരിക്കുകയാണ്. പേപ്പർ പേന, ജൂട്ട് ക്രാഫ്റ്റ് തുടങ്ങിയ മേഖലയിലും സ്‌പെക്‌ട്രം സ്‌കൂളിലെ വിദ്യാർഥികൾ മികവുകാട്ടിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സെൻസറി മുറിയും, സ്പീച്ച് തൊറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയവയും പ്രവർത്തിക്കുന്നതായി പ്രഥമാധ്യാപിക പി. ആയിശ പറഞ്ഞു. 153 വിദ്യാർഥികളാണ് പഠനം നടത്തുന്നത്. അഞ്ച് അധ്യാപികമാരും, നാല് ആയ, മൂന്ന് ഡ്രൈവർ, രണ്ട് തെറാപ്പിസ്റ്റുകൾ ഉൾപ്പെടെ 15 -ജീവനക്കാരാണ് മാറഞ്ചേരി സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിൽ.