തിരൂർ : വെട്ടം ഗ്രാമപ്പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും കെഎസ്ആർടിസിയുടെ സൗജന്യ യാത്ര. വെട്ടം ഗ്രാമപ്പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റിൽ പത്തു ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.വാട്ടർ എടിഎം, വാതകശ്മശാനം, ലഹരിവിമുക്ത വെട്ടം, ഭവന പദ്ധതി ഉൾപ്പെടെ നിരവധി ക്ഷേമവികസന പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു.പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം തയ്യാറാക്കിയ ലിസ്റ്റിൽ കരാർ വെച്ച 457 പേരിൽ 263 പേർ ഭവന നിർമാണം പൂർത്തിയാക്കി.

ബാക്കി 194 ഗുണഭോക്താക്കളുടെ വീട് പൂർത്തീകരണത്തിനായും തുക വകയിരുത്തി.കുട്ടികൾക്കും യുവാക്കൾക്കും കായികമേഖലയിലെ വളർച്ചയ്ക്കായി വാക്കാട് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് 20 ലക്ഷം രൂപയും കുറഞ്ഞ ചെലവിൽ അങ്ങാടികളിൽ കുടിവെള്ളം ലഭ്യമാക്കാൻ വാട്ടർ എടിഎം സ്ഥാപിക്കാൻ അഞ്ചു ലക്ഷവും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായി കാനൂർ ഫിറ്റ്നസ് സെന്ററിന് അഞ്ചു ലക്ഷം രൂപയും ബജറ്റിൽ അനുവദിച്ചു.

ശുചിത്വ-മാലിന്യസംസ്‌കരണത്തിനായി 60 ലക്ഷം രൂപയും തെരുവുവിളക്കുകളുടെ പൂർത്തീകരണത്തിനും വൈദ്യുതിലൈൻ ദീർഘിപ്പിക്കുന്നതിനുമായി 45 ലക്ഷവും കാർഷികമേഖലയ്ക്ക് 63,50,000 രൂപയും നീക്കിവെച്ചു.ആരോഗ്യമേഖലയിൽ മരുന്നുകൾ ഉൾപ്പെടെ 73,50,000 രൂപയും ഉത്പാദനമേഖലയിലെ പദ്ധതികൾക്കായി 1,58,50,000 രൂപയും അങ്കണവാടികൾ ശിശുസൗഹൃദമാക്കാനായി രണ്ടു ലക്ഷവും ആയുർവേദ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമിക്കാനായി 10 ലക്ഷവും നീക്കിവെച്ചു.

മുൻവർഷ ബാക്കി 4,50,86,526 രൂപ ഉൾപ്പെടെ 35,46.15,488 രൂപ വരവും 35,44,50,960 രൂപ ചെലവും 1,01,64,528 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി മുല്ലയിൽ അവതരിപ്പിച്ചത്.പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി അധ്യക്ഷനായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *