എടപ്പാൾ : ചെളിയും വെള്ളക്കെട്ടുംമൂലം കാൽനടയാത്രപോലും ദുസ്സഹമായിരുന്ന ശുകപുരം-പുന്നക്കൽ താഴം റോഡിന് പുതുജീവൻ. റോഡ് നവീകരിച്ച് യാത്ര സുഗമമാക്കി ഗ്രാമപ്പഞ്ചായത്ത് ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചു.വട്ടംകുളം പഞ്ചായത്തിലെ 14-ാം വാർഡിൽപ്പെട്ട ഈ റോഡ് പതിറ്റാണ്ടുകളായി മൺപാതയായിരുന്നു. വർഷങ്ങളോളം അധികാരികൾക്കു മുൻപിൽ പ്രദേശവാസികൾ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനായി നടന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനിടയിൽ ജൽജീവൻ പദ്ധതിക്കായി റോഡിൽ ചാൽ കീറിയതോടെ റോഡിലെ വെള്ളക്കെട്ട് ഒഴിഞ്ഞുപോകാതായി.
തോടുപോലെ കിടന്ന റോഡിനെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബും അംഗം ഇ.എസ്. സുകുമാരനും സ്ഥലത്തെത്തി വെള്ളമൊഴിവാക്കാൻ നടപടിയെടുക്കുകയും റോഡ് നവീകരണത്തിനായി മൂന്നു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് റോഡ് കട്ട വിരിച്ച് മനോഹരമാക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. അംഗം ഇ.എസ്. സുകുമാരൻ അധ്യക്ഷനായി. ടി.എം. മിഹിൽ, സി. ഷുഹൈബ്, പി.കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.