എടപ്പാൾ : നെൽവയൽ അനധികൃതമായി തരംമാറ്റിയാലും ക്രമപ്പെടുത്തി ലഭിക്കുമെന്ന ഉറപ്പ് സർക്കാർതന്നെ നൽകിയതോടെ കുന്നിടിക്കലും വയൽ നികത്തലും വ്യാപകമായി. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിൽ വരുത്തിയ ഭേദഗതിയുടെ മറവിൽ വയൽ നികത്തിയവർക്കെല്ലാം ഫീസ് നൽകി അവ നിയമപ്രകാരമാക്കി മാറ്റുന്ന പ്രവർത്തനമാണ് വ്യാപകമായി നടക്കുന്നത്. പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി കുന്നിടിക്കലും വയൽ നികത്തലും വൻ തോതിൽ നടക്കുന്നുണ്ട്. വട്ടംകുളം, എടപ്പാൾ, കാലടി, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെല്ലാം ഇത് നിർബാധം നടക്കുന്നു. വട്ടംകുളം പഞ്ചായത്തിലെ ചേകന്നൂരിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുവാദത്തോടെ നടന്ന കുന്നിടിക്കൽ അടുത്തിടെയാണ് ജനങ്ങൾ തടഞ്ഞത്.
എന്നിട്ടും നിർത്താതെ വീണ്ടും മണ്ണെടുക്കാൻ ശ്രമിച്ചതോടെ വാഹനങ്ങളിൽ കയറ്റിയ മണ്ണ് അവിടെത്തന്നെ ഇറക്കിച്ചാണ് ജനം പറഞ്ഞയച്ചത്.പിന്നീട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള സംഘം സ്ഥലത്തെത്തി മണ്ണെടുക്കൽ പ്രദേശത്തിന് ഭീഷണിയാണെന്ന് റിപ്പോർട്ട് നൽകുകയും പരിശോധിച്ച് മാത്രം അനുവാദംനൽകണമെന്ന് മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിന് നിർദ്ദേശം നൽകുകയുംചെയ്ത ശേഷമാണ് നിലച്ചത്. ഇപ്പോൾ ചേകന്നൂർ-മാണൂർ റോഡിൽ മറ്റൊരു കുന്നിൽനിന്ന് മണ്ണെടുക്കൽ നടക്കുകയാണ്.അത്താണിപ്പാടം, തുയ്യം വലിയ പാലത്തിന് സമീപം, തലമുണ്ട, അണ്ണക്കമ്പാട്-പൊറൂക്കര റോഡിന്റെ വശങ്ങൾ, കുണ്ടയാൽ എന്നിവിടങ്ങളിലെല്ലാം വയലുകൾ വ്യാപകമായി നികത്തുന്നുണ്ട്.
നടപടിയെടുക്കാൻ വഴികളുണ്ട്
വയലിൽ മണ്ണിടുന്നത് കണ്ടാൽ കൃഷി ഓഫീസറാണ് ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. ആർഡിഒമാർക്ക് സമയമില്ലാത്തതിനാൽ റിപ്പോർട്ട് അവിടെയിരിക്കും. വില്ലേജ് ഓഫീസർമാർ നടപടിയെടുത്താൽ സിജെഎം കോടതിയിൽ കേസ് നൽകാനായി പോലീസിന് കത്തു നൽകണമെന്നാണ് നിയമം. മണ്ണുമായി വന്ന വാഹനം പിടിച്ചെടുക്കാം.എന്നാൽ വില്ലേജ് ഓഫീസർ നേരിട്ട് കണ്ടാൽമാത്രമേ ഇപ്പോൾ അതു ചെയ്യുന്നുള്ളു. നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാനുള്ള അധികാരവും എഴുതിവെച്ച നിയമത്തിലുണ്ട്. പ്രാവർത്തികമാകുന്നത് അപൂർവമാണെന്നു മാത്രം. റവന്യൂ വകുപ്പിന് ഭൂമി ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും അധികാരമുണ്ട്. ചെയ്താൽ ആ ഭൂമിയുടെ ക്രയവിക്രയമടക്കം തടസപ്പെടും. വയൽനികത്തൽ ക്രിമിനൽ കുറ്റമാണ്. നിയമം വന്ന് 17 വർഷമായിട്ടും ആരെയും ശിക്ഷിച്ചതായി കേട്ടിട്ടില്ലെന്നുമാത്രം.