കുറ്റിപ്പുറം : ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ ചെമ്പിക്കൽ കുടിവെള്ളപദ്ധതിയുടെ ജലവിതരണം താളംതെറ്റി. പദ്ധതിക്കായി പുഴയിൽ നിർമിച്ച കിണറിൽ ജലത്തിന്റെ അളവ് പ്രതിദിനം താഴുകയാണ്. ദിവസം അരമണിക്കൂർ മാത്രമാണ് നിലവിൽ ജലവിതരണം നടത്തുന്നത്.20, 21 വാർഡുകളിലെ 500-ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പദ്ധതിയാണിത്. പുഴയിൽ നീരൊഴുക്കുള്ള സ്ഥലത്തുനിന്ന്‌ തോടുവഴി പദ്ധതിയുടെ കിണറിന് സമീപത്തെ കുഴിയിലേക്ക് വെള്ളം എത്തിച്ച് കിണറിലേക്ക് മോട്ടോർ അടിക്കുകയും ആ വെള്ളം നടുവട്ടം വില്ലേജിന് സമീപത്തുള്ള പദ്ധതിയുടെ ടാങ്കിലേക്കെത്തിച്ചുമാണ് ഇപ്പോൾ ജലവിതരണം നടത്തുന്നത്.

കഴിഞ്ഞവർഷം പഞ്ചായത്ത് ഭരണസമിതി പുതിയ കിണർ നിർമിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കിണർ നിർമിക്കാൻ കണ്ടെത്തിയ സ്ഥലം കളിമണ്ണ് നിറഞ്ഞതാണെന്നതിനാൽ ഭൂഗർഭ ജലവകുപ്പ് അംഗീകാരം നൽകിയില്ല.വേനൽക്കാലത്ത് പാലക്കാട് ജില്ലയിലെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ അടക്കുന്നതോടേയാണ് കുറ്റിപ്പുറം ഭാഗത്ത് പുഴയിൽ നീരൊഴുക്ക് കുറയുന്നത്.കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ചെമ്പിക്കൽ പ്രദേശത്ത് പുഴയിൽ നീരൊഴുക്ക് ഏറെ ശോചനീയമാകും. ഇതിനുമുൻപായി രാങ്ങാട്ടൂർ പള്ളിപ്പടി ഭാഗത്തായി ചെക്ക് ഡാം നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *