തിരൂർ/മഞ്ചേരി : വിശിഷ്ട സേവനത്തിനുള്ള 2024-ലെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറലിന്റെ ബാഡ്‌ജ്‌ ഓഫ് ഓണർ പ്രഖ്യാപിച്ചു. മഞ്ചേരി അഗ്നിരക്ഷാനിലയം തലവൻ പി.വി. സുനിൽകുമാർ, തിരൂർ അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) കെ.കെ. സന്ദീപ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. നസീർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.2018-ലെ പ്രളയസമയത്ത് നോർത്ത് പറവൂരിൽ സ്വന്തം വീടുൾപ്പെടെ മുങ്ങിപ്പോയപ്പോൾ സാഹസികമായി തുടർച്ചയായി 67 മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയ സേനാംഗമാണ് സുനിൽകുമാർ. കഴിഞ്ഞവർഷം മഞ്ചേരി അഗ്നിരക്ഷാനിലയത്തിൽ എടിഎസ് ആയി നിയമിതനായ ഇദ്ദേഹം മികച്ച സേവനത്തിനുള്ള അഞ്ചു റിവാർഡുകൾ ഇക്കൊല്ലം ഫയർ സർവീസിൽനിന്നു നേടി.

പറവൂരിലെ ദേശീയപാത വികസനത്തിനായി കൊണ്ടുവന്ന വലിയ യന്ത്രവാഹനം ഇടിച്ചുതകർന്ന ഒരു കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്താൻ സാധിച്ചു. അർധരാത്രിക്കുശേഷം മഞ്ചേരി വേട്ടേക്കോട് ക്വാറിയിയിലും അരീക്കോട്ടുമുണ്ടായ രണ്ടു അപകടങ്ങളിലും സുനിൽകുമാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. നോർത്ത് പറവൂർ ചേതമംഗലം സ്വദേശിയാണ്. ഭാര്യ: കെ.കെ. റീന (ടൈപ്പിസ്റ്റ്, ജിഎസ്ടി വിഭാഗം). മക്കൾ: വിഷ്ണുപ്രിയ, ഹരിനന്ദ.കെ.കെ. സന്ദീപ് 2013-ൽ സർവീസിൽ പ്രവേശിച്ചു. കോഴിക്കോട് നന്മണ്ട സ്വദേശി കെ.കെ. വാസു നായരുടെയും പുഷ്പയുടെയും മകനാണ്. ശ്രീധന്യയാണ് ഭാര്യ. ആദി കൃഷ്ണ, അൻവേദ് കൃഷ്ണ എന്നിവർ മക്കളാണ്.

മിഠായിത്തെരുവ് തീപ്പിടിത്തം, കട്ടിപ്പാറ ഉരുൾപൊട്ടൽ, 2018, 2019 പ്രളയങ്ങൾ, ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ, നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടൽ, താനൂർ ബോട്ടപകടം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തിരൂർ നിലയത്തിലെ പ്രധാന സ്‌കൂബാ ഡൈവറാണ്.ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. നസീർ 2015-ൽ സർവീസിൽ പ്രവേശിച്ചു. തിരൂർ കണ്ണംകുളം സ്വദേശി പരേതനായ കാദർ കോട്ടത്തറയുടെയും ബീക്കുട്ടിയുടെയും മകനാണ്. ഭാര്യ: സെഹീന. മക്കൾ: അഹ്ദിയ നസ്‌റിൻ, ആഖിഫ് ബെഹ്സാദ്.കവളപ്പാറ ഉരുൾപൊട്ടൽ, 2018, 2019 പ്രളയങ്ങൾ, കരിപ്പൂർ വിമാനാപകടം, താനൂർ ബോട്ടപകടം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തിരൂർ നിലയത്തിലെ പ്രധാന സ്‌കൂബാ ഡൈവറാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *