എടപ്പാള്‍: പ്രമുഖ വാദ്യ കലാകാരന്‍ സന്തോഷ് ആലങ്കോടിന് ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ കർമ്മശ്രഷ്ഠാ പുരസ്കാരം സമർപ്പിച്ചു.ആലഞ്ചേരി ഭഗവതി ക്ഷേത്രസന്നിധിയിൽ ചുറ്റുവിളക്ക് മഹോത്സവ സമാപന ദിവസം മഹാ പഞ്ചവാദ്യം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചടങ്ങ് നടന്നത്.പ്രശസ്ഥ സാഹിത്യകാരന്‍ സുരേഷ് തെക്കീട്ടില്‍ പുരസ്കാരം സമര്‍പ്പിച്ചു.കഴിഞ്ഞ 400 വർഷങ്ങൾ ഈ നാട്ടിൽ ജീവിച്ചു കടന്നു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ പതിമൂവായിരം വാദ്യകലാകാരൻമാരുടെ വിവരങ്ങൾ ശേഖരിച്ച് ആ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു മഹാഗ്രന്ഥം തയ്യാറാക്കി സന്തോഷ് ആലംകോട് ചരിത്രത്തില്‍ ഇടം നേടിയിരുന്നു.ഒരു മനുഷ്യായുസ്സിൽ സാധിക്കുമോ എന്ന് ആർക്കും സംശയം തോന്നാവുന്ന ഒരു വലിയ ദൗത്യമാണ് അപൂർവ്വമായ ദിശാബോധവും ഇച്ഛാശക്തിയും കൊണ്ട് സന്തോഷ് ആലങ്കോട് പൂർത്തിയാക്കിയതെന്ന് സുരേഷ് പറഞ്ഞു.
കണ്ടനകം സോപാനം പഞ്ചവാദ്യം സ്കൂൾ ഡയറക്ടർ കൂടിയായ സന്തോഷ് വർഷങ്ങൾ ചെലവഴിച്ചാണ് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതെന്നും വാദ്യകലയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് വേണ്ട വിധം അംഗീകരിക്കപ്പെടാതെപോയ നിരവധി കലാകാരൻമാരുടെ ജീവിതമാണ് സന്തോഷ് ഈ ഭഗീരഥപ്രയത്നത്തിലൂടെ വെളിച്ചത്തിലേക്ക് നീക്കി നിർത്തിയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.പ്രഥമപുരസ്കാരം സന്തോഷ് ആലങ്കോടിന് നൽകാൻ തീരുമാനിച്ച പാലൂർ ശ്രീആലഞ്ചേരി ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ഉചിതവും ശ്രേഷ്ഠവുമായ തിരഞ്ഞെടുപ്പിലൂടെയാണ് സന്തോഷ് ആലംകോടിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.ക്ഷേത്രകമ്മറ്റിക്കൊപ്പം പൂർണ പിന്തുണയുമായി പുലാമന്തോൾ പഞ്ചവാദ്യ ആസ്വാദക സമിതിയെയും പുരസ്കാര സമർപ്പണത്തിന് അവസരം തന്ന എല്ലാവര്‍ക്കും സ്നേഹവും നന്ദിയുമുണ്ടെന്നും സുരേഷ് പറഞ്ഞു.