തിരുനാവായ : തകർന്നുകിടക്കുന്ന ചന്ദനക്കാവ്-മേൽപ്പുത്തൂർ-കാട്ടിലങ്ങാടി യത്തീംഖാന റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ആതവനാട് ഗ്രാമപ്പഞ്ചായത്തിലൂടെ യാത്രചെയ്താൽ ഇത്രയും മോശമായ റോഡുണ്ടാകില്ല.ചന്ദനക്കാവിൽനിന്ന് മേൽപ്പുത്തൂർ സ്മാരകം, കാട്ടിലങ്ങാടി പി.എം.എസ്.എ. യത്തീംഖാന എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണ് കാൽനടയാത്രപോലും പറ്റാത്തവിധം തകർന്നു കിടക്കുന്നത്. നാട്ടുകാരുടെ വർഷങ്ങളായുള്ള മുറവിളിക്കൊടുവിൽ ചന്ദനക്കാവിൽനിന്ന് പാലം വരെയുള്ള ഭാഗവും യത്തീംഖാന മുതൽ ശില്പി നഗർ വരെയുള്ള ഭാഗവും മിനുക്കി നന്നാക്കി. പാലം കഴിഞ്ഞുള്ള കുത്തനെയുള്ള കയറ്റമുള്ള മുക്കിലപ്പീടിക വരെയുള്ള ഭാഗവും മുക്കിലപ്പീടിക മുതൽ ശില്പി നഗർ വരെയുള്ള ഭാഗവുമാണ് നേരെയാക്കാതെ കിടക്കുന്നത്.

ഇതിനിടയിൽ ജൽജീവൻ മിഷന്റെ കുഴി തോണ്ടലും നടന്നപ്പോൾ ആകെ പ്രയാസത്തിലായി യാത്രക്കാർ.കുഴിയെടുത്ത ഭാഗം പിന്നീട് കോൺക്രീറ്റ് ചെയ്ത് അടച്ചെങ്കിലും അതും പൊട്ടിത്തകർന്ന നിലയിലാണ്. ഇപ്പോഴിതാ റോഡിനടിയിലൂടെ വൈദ്യതിലൈൻ വലിക്കുന്നതിനുവേണ്ടി കുഴിയെടുത്തിരിക്കുകയുമാണ്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ കല്ലുകൾ അടർന്ന് ഉരുൾ പൊട്ടൽ ഉണ്ടായ രീതിയിലാണ് റോഡുള്ളത്. പുത്തനത്താണി ദേശീയപാതയിലെത്താൻ പ്രദേശവാസികൾ ആശ്രയിക്കുന്ന ഏക റോഡാണിത്. ചന്ദനക്കാവിൽനിന്നും യത്തീംഖാന നഗറിൽനിന്നും വാഹനവുമായി വരുന്ന യാത്രക്കാർ ഒന്നരക്കിലോമീറ്ററോളം ദൂരമുള്ള റോഡ് തകർന്നു കിടക്കുന്നതിനാൽ തിരിച്ചു പോവേണ്ടി വരുകയാണ്.

ദൂരസ്ഥലങ്ങളിൽനിന്ന് മേൽപ്പുത്തൂരിന്റെ ഇല്ലപ്പറമ്പ് കാണാനെത്തുന്നവരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്.കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ചാണ് ചന്ദനക്കാവിൽനിന്ന് പാലം വരെയുള്ള ഭാഗം റീടാറിങ് നടത്തിയത്. യത്തീംഖാന മുതൽ ശില്പി നഗർ വരെയുള്ള ഭാഗം ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ ഒൻപതു ലക്ഷവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചുലക്ഷവും വകയിരുത്തിയാണ് നവീകരിച്ചത്. ഈ റോഡിന് രണ്ട്‌ ഉദ്ഘാടനവും നടന്നു. മേൽപ്പുത്തൂർ സ്മാരക റോഡിന്റെ തകർച്ച നന്നാക്കാൻ അധികൃതർ നടപടി എടുത്തില്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ടു പോകുമെന്ന മുന്നറിയിപ്പുമുണ്ട്. ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ 15, 16 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *