താനൂർ : പൂരപ്പുഴയും അറബിക്കടലും സംഗമസ്ഥാനമായ താനൂരിലെ കെട്ടുങ്ങൽ അഴിമുഖമിന്ന് തൂവൽത്തീരമാണ്. തീരപ്രദേശത്ത് ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായ തൂവൽത്തീരത്തോടുള്ള അവഗണനയിൽ താനൂർ നിവാസികൾ നിരാശയിലാണ്. ഭാവിയിൽ വ്യാപാരമേഖലയിലും സമ്പദ്ഘടനയിലും വലിയ വളർച്ച കൈവരിക്കാൻ തൂവൽത്തീരം ടൂറിസം പദ്ധതിയിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനൂർ.മുൻ താനൂർ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ശ്രമഫലമായി 2011 ഫെബ്രുവരിയിൽ മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പലോളി മുഹമ്മദ് കുട്ടി ഒട്ടുംപുറം ടൂറിസം പദ്ധതിക്ക് ശിലാസ്ഥാപനം നിർവഹിച്ചു. 2012 നവംബറിൽ മുൻ മന്ത്രി എ.പി. അനിൽകുമാർ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. 2015 നവംബറിൽ രണ്ടാംഘട്ട നവീകരണ പദ്ധതിയുടെ സമർപ്പണം മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും നിർവഹിച്ചു. 2015-നുശേഷം തൂവൽത്തീരം അവഗണനയുടെ പാതയിലാണ്. ഇവിടെ ഒരു നവീകരണപ്രവർത്തനങ്ങളും നടന്നിട്ടില്ല.
ഇവിടെ ചരിത്രമുറങ്ങുന്നു
പറങ്കികൾ ഏഴു കഷണമായി വെട്ടിയരിഞ്ഞ് കടലിലേക്കിട്ട ധീരദേശാഭിമാനി കുഞ്ഞിമരക്കാരുടെ അരക്കെട്ട് വന്നടിഞ്ഞത് ഇവിടെയാണത്രേ. അങ്ങനെയാണ് ഈ പ്രദേശത്തിന് കെട്ടുങ്ങൽ എന്ന പേരു വന്നതെന്ന് വിശ്വസിക്കുന്നു.
തൂവൽത്തീരമെന്ന് പേര് മാറ്റിയതിലൂടെ നഷ്ടപ്പെട്ടത് ഒരു ചരിത്രനായകനെക്കുറിച്ചുള്ള ഓർമകളാണ്. അഴിമുഖത്തിന് കുറുകെയാണ് ചരിത്രപ്രസിദ്ധമായ ടിപ്പുസുൽത്താന്റെ പടയോട്ട പീരങ്കിപ്പാത ടിപ്പുസുൽത്താൻ റോഡ് കടന്നുപോകുന്നത്.
പച്ചപ്പും ഹരിതാഭയും:ഉദയത്തിന്റെ നീലകിരണങ്ങളും അസ്തമയചെങ്കിരണങ്ങളും നയനമനോഹരമാക്കുന്നുണ്ട് തൂവൽത്തീരത്തെ. ഹരിതാഭമായ തെങ്ങിൻതോപ്പുകളുടെ പച്ചപ്പും ചൊരിമണലിന്റെ വെളുപ്പും കടലിന്റെ നീലയുമെല്ലാം ചേർന്ന് വർണങ്ങളുടെ സംഗമതീരമാണിത്. ദേശാടനപ്പക്ഷികളുടെ ആഗമനവും കടലാമകളും തീരത്തെ കൗതുകക്കാഴ്ചകളാണ്. അഴിയുടെ മുകളിലൂടെ കടന്നുപോകുന്ന മേൽപ്പാലത്തിൽനിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. തീരത്തിന്റെ എല്ലാ ഭാഗങ്ങളും യഥേഷ്ടം മനോഹരചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ സഞ്ചാരികൾക്ക് അവസരം നൽകുന്നു.
തൂവൽത്തീരത്തോടുള്ള അവഗണന അവസാനിപ്പിക്കണം:ഒട്ടുംപുറം തൂവൽത്തീരം ടൂറിസം പദ്ധതിയോട് കഴിഞ്ഞ ഒൻപതു വർഷമായി സർക്കാർ അവഗണന കാണിക്കുന്നു. ജില്ലയിലെ ഏറ്റവും മനോഹരമായ തൂവൽത്തീരത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ തീരം സൗന്ദര്യവത്കരിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഉടൻ ഒരുക്കണം.