തിരുനാവായ : കിണറ്റിൽ വീണ പോത്തിന് രക്ഷകരായത് ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും. ബുധനാഴ്ച ഉച്ചയോടെ എടക്കുളം നീറ്റിങ്ങര കുറ്റിപ്പറമ്പിൽ മുസ്തഫയുടെ ഉപയോഗശൂന്യമായ 24 കോൽ ആഴമുള്ള കിണറ്റിൽ അയൽവാസി തറക്കൽ അബ്ദുൽ കരീമിന്റെ വളർത്തുപോത്ത് വീഴുകയായിരുന്നു. തിരൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വ്യാഴാഴ്ച രാവിലെ ട്രോമാകെയർ വൊളന്റിയർ യൂനസിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരായ വെള്ളാടത്ത് കരീം, വടിക്കിണിയകത്ത് ജലീൽ, മുഹമ്മദ്, ഹനീഫ, നജീബ് ശംസുദ്ദീൻ തുടങ്ങിയ നാട്ടുകാരുടെയും സഹായത്തോടെ രണ്ടു മണിക്കൂർ നേരത്തെ കഠിനപരിശ്രമത്തിനൊടുവിൽ പോത്തിനെ പുറത്തെത്തിച്ചു.