കുറ്റിപ്പുറം: ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ട്രാക്കുകൾക്ക് ഇരുവശത്തും ഇരുമ്പുവേലി സ്ഥാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കു ട്രാക്കിനു മറുവശം കടക്കാൻ ബദൽ മാർഗങ്ങൾ ഒരുക്കണമെന്ന ആവശ്യമുയരുന്നു. റെയിൽവേ ട്രാക്കുകൾക്ക് ഇരുവശത്തും താമസിക്കുന്ന ജനങ്ങൾ നിലവിൽ പാളം കുറുകെ കടന്നാണു പല സ്ഥലങ്ങളിലും എത്തുന്നത്. എന്നാൽ ട്രാക്കുകൾക്ക് ഇരുവശത്തും ഉയരത്തിൽ ഇരുമ്പുവേലി സ്ഥാപിക്കുന്നതോടെ നൂറുകണക്കിനു പേരുടെ സഞ്ചാരം വഴിമുട്ടും. തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്കു പാളം കടന്ന് എത്തുന്നവർ ഇനി കിലോമീറ്ററുകൾ വളഞ്ഞു റെയിൽവേ ഗേറ്റുകൾവഴി റോഡിലേക്ക് എത്തേണ്ടിവരും.
ഈ സാഹചര്യത്തിലാണ് ജനവാസ കേന്ദ്രങ്ങളിൽ റെയിൽവേ ട്രാക്ക് കടക്കാൻ ബദൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നത്. റെയിൽവേ പാളങ്ങൾക്ക് ഇരുവശത്തും ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചാണു വേലി സ്ഥാപിക്കുക. ഇതിന്റെ ജോലികൾ വൈകാതെ ആരംഭിക്കും. ഇതോടെ ട്രാക്കിന് ഇരുവശത്തുമുള്ള ജനവാസ മേഖലകൾ വേർതിരിക്കപ്പെടും. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മുതൽ തിരൂർവരെയുള്ള പാതയിൽ ഏതാനും ഭാഗങ്ങളിലൂടെ മാത്രമാകും പാളം കുറുകെ കടക്കാൻ സൗകര്യമുണ്ടാവുക. കുറ്റിപ്പുറം കഴുത്തല്ലൂർ അടപ്പാത, ചെമ്പിക്കൽ റെയിൽവേ ഗേറ്റ്, തിരുനാവായ റെയിൽവേ മേൽപാലം, തെക്കൻകുറ്റൂർ റെയിൽവേ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലൂടെ മാത്രമേ ഗതാഗത സൗകര്യം ലഭിക്കൂ.
ട്രാക്കിനു മറുവശത്തെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥ. ഈ പ്രതിസന്ധി ഒഴിവാക്കാൻ നിലവിലെ കാടുമൂടിയ അടിപ്പാതകൾ ഗതാഗത യോഗ്യമാക്കേണ്ടിവരും. ചെമ്പിക്കൽ കനാൽ അടിപ്പാത അടക്കമുളളവ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ നവീകരിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനു പുറമേ പല ഭാഗത്തും റെയിൽവേ ട്രാക്കുകൾക്കു മുകളിലൂടെ നടപ്പാത നിർമിക്കേണ്ടിവരും. എംപിമാർ അടക്കമുള്ള ജനപ്രതിനിധികൾ ഇക്കാര്യം റെയിൽവേ അധികൃതരെ ധരിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.