തിരൂർ : ഫ്രാൻസിലെ ബെർക് സർമർ ബീച്ച് സിറ്റിയിലെ നീലാകാശത്ത് പടുകൂറ്റൻ പട്ടങ്ങൾ പാറിനടക്കുകയാണ്. കൂട്ടത്തിൽ എല്ലാവരുമൊന്ന് നോക്കി നിന്ന പട്ടം വിടർന്നപ്പോൾ കണ്ടത് സുനിത വില്യംസിന്റെ ചിത്രമാണ്. ആ പട്ടത്തിന്റെ താഴേക്കു കിടക്കുന്ന നൂലിന്റെ അറ്റം പിടിച്ചിരിക്കുന്നത് 2 ഇന്ത്യാക്കാരും, മലപ്പുറത്തു നിന്നുള്ള ഷാഹിർ മണ്ണിങ്ങലും ഷെറിൻ അലിയും. രാജ്യത്തെ പ്രതിനിധീകരിച്ച് ബെർക്കിൽ നടന്ന രാജ്യാന്തര പട്ടം പറത്തൽ ഫെസ്റ്റിവലിൽ പങ്കെടുത്തത് വൺ ഇന്ത്യ കൈറ്റ് ടീം അംഗങ്ങളായ ഈ ദമ്പതികളാണ്. റെക്കോർഡുകൾ പിറന്ന ചാംപ്യൻഷിപ്പിൽ ഈ ദമ്പതികൾ പറത്തിയ പട്ടത്തിന് നിറഞ്ഞ കയ്യടിയായിരുന്നു.28 അടി നീളവും 12 അടി വീതിയുമുള്ള കൈറ്റ് ബാനറിലാണ് സുനിത വില്യംസ് അടക്കമുള്ള 4 ഗഗനചാരികളുടെ ചിത്രമുണ്ടായിരുന്നത്. 10 ദിവസത്തെ ചാംപ്യൻഷിപ് കാണാൻ 11 ലക്ഷത്തോളം പേരാണ് ബെർക് സർമർ ബീച്ച് സിറ്റിയിൽ എത്തിയിരുന്നത്. എല്ലാവരുടെയും കയ്യടികൾക്കൊപ്പം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സന്ദേശം പ്രദർശിപ്പിച്ച പട്ടമെന്ന പ്രശംസയും സംഘാടകരിൽ നിന്നു ലഭിച്ചു.
32 രാജ്യങ്ങളെ പങ്കെടുപ്പിച്ചാണ് ഫെസ്റ്റിവൽ നടന്നത്. പട്ടം പറത്തലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കപ്പിൾ കൈറ്റ് ഫ്ലയിങ് പ്രോത്സാഹിപ്പിക്കുന്ന ആഘോഷം കൂടിയാണിത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഷാഹിറും ഷെറിനുമടക്കം 20 ദമ്പതികൾ ഫെസ്റ്റിവലിൽ പട്ടം പറത്തിയിരുന്നു. 20 മീറ്റർ നീളമുള്ള 25 തിമിംഗല പട്ടങ്ങൾ ഒരു പൈലറ്റ് പട്ടത്തിൽ ഘടിപ്പിച്ച് പറത്തിയതിന് ലോക റെക്കോർഡ് ലഭിച്ചു. ഫ്രാൻസ്, കുവൈത്ത്, ന്യൂസ്‍ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ചേർന്നാണ് ഈ റെക്കോർഡ് സ്ഥാപിച്ചത്. ചെറിയ വിൻഡ് മില്ലുകൾ ചേർത്തു വച്ച് ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പത്തിൽ ബഹുവർണ ചിത്രം ബീച്ചിലെ മണലിൽ രൂപപ്പെടുത്തിയതും കാണികളിൽ വിസ്മയമുണ്ടാക്കിയിട്ടുണ്ട്.സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് ബെർക് മേയറാണ് ഇത് സംഘടിപ്പിച്ചത്. ഇവിടെ നടന്ന ഫെസ്റ്റിവലിൽ കൊളംബിയൻ കൈറ്റ് ടീമാണ് ചാംപ്യന്മാരായത്. അശോകചക്ര, ഗണപതി കൈറ്റ്, 20 അടി നീളമുള്ള ഒക്ടോപ്പസ് എൽഇഡി കൈറ്റ് എന്നിവയും ഇന്ത്യയിൽ നിന്നു കൊണ്ടു വന്ന് ഷാഹിറും ഷെറിനും ചേർന്ന് ഫ്രാൻസിൽ പറത്തിയിരുന്നു. ഇനി അടുത്ത കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും.