പൊന്നാനി : പുരാതന കാലംമുതൽ ഇന്ത്യയുടെ വിവിധ തുറമുഖങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുകയും ഇറക്കുമതി ചെയ്തുവന്നിരുന്ന പൊന്നാനി അഴിമുഖത്തിനോടു ചേർന്നുള്ള മീൻപിടിത്ത ബോട്ടുകൾ നങ്കൂരമിടുന്ന പാതാർ ശോച്യാവസ്ഥയിൽ.ഇതിനോടടുത്തുള്ള പുഴയിലെ ഡ്രഡ്ജിങ് കാലങ്ങളായി മുടങ്ങിയതാണു കാരണം. തുറമുഖവകുപ്പും ഹാർബർ എൻജിനിയറിങ് വിഭാഗവും തമ്മിലുള്ള തർക്കംകാരണമാണ് ഡ്രഡ്ജിങ് മുടങ്ങിയത്. അറബികളടക്കമുള്ള വിദേശ രാജ്യക്കാരും ഗുജറാത്തിലെ കച്ച് ദേശക്കാരായ ബ്രാഹ്മൺ സേട്ടുമാരും മുസ്‌ലിം വ്യാപാരികളും കപ്പൽമാർഗം ഇവിടെയെത്തി കച്ചവടം നടത്തിയിരുന്നു. കേരളത്തിൽ ആദ്യമായി ഒരു തുറമുഖത്തിന് വാർഫ് (പാതാർ ) നിർമിച്ചത് പൊന്നാനിയിലായിരുന്നു. 564 മീറ്റർ നീളത്തിൽ നിർമ്മിച്ച ആ വാർഫ് കാലവർഷക്കെടുതിയിൽ തകർന്നതിനെ ത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി 1939 ൽ 964 അടിയായി വിപുലീകരിച്ചു, അക്കാലത്ത് ഏറ്റവുംകൂടുതൽ പത്തേമാരികൾ നങ്കൂരമിട്ടിരുന്നതും ഇവിടെയായിരുന്നു.

അക്കാലത്ത് ഇവിടെനിന്ന് നാളികേരം, മത്സ്യം, മരത്തടികൾ, കയർ, കൊപ്ര, മരച്ചീനി, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതിയും മറ്റിടങ്ങളിൽനിന്ന് ഗോതമ്പ്, പരിപ്പ്, പയർ, മൈദ, കരിമ്പ്, പഞ്ചസാര, ഉപ്പ്, ശർക്കര, ഇരുമ്പ്, പരുത്തി തുടങ്ങിയവ ഇറക്കുമതിയും ചെയ്തിരുന്നു.1972-73 കാലഘട്ടം വരെ ഇവിടെ ചരക്കു കയറ്റ്, ഇറക്കുമതികൾ തുടർന്നു. പാതാറിൽമണൽ അടിഞ്ഞതിനെത്തുടർന്ന് കയറ്റ്‌, ഇറക്കുമതികൾ നിലച്ചു. പിന്നീട് ഇ.കെ. ഇമ്പിച്ചിബാവയുടെ ശ്രമഫലമായി സർക്കാർ ഇവിടെ മണൽ നീക്കംചെയ്ത് മീൻപിടിത്ത ബോട്ടുകൾക്കും വള്ളങ്ങൾക്കും യഥേഷ്ടം സഞ്ചരിക്കാനും നങ്കൂരമിടാനും സംവിധാനം ഒരുക്കി.എന്നാൽ, വർഷങ്ങൾക്ക് മുൻപ് ഫിഷിങ് ഹാർബറിന്റെ നിർമാണത്തോടു കൂടി പാതാറിനോടു തൊട്ടുള്ള പുഴയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തുറമുഖവകുപ്പും ഹാർബർ എൻജിനിയർ വിഭാഗവും തമ്മിലുള്ള ആശയക്കുഴപ്പത്തെത്തുടർന്ന് പിന്നീട് ഡ്രഡ്ജിങ്ങ് നടന്നില്ല. ഇതാണ് പാതാറിന്റെ ഭാഗികമായ തകർച്ചയ്ക്കും കാരണമായത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *