പൊന്നാനി : കേരളത്തിലെ ഇടതുഭരണത്തെ തകർക്കുന്നതിനായി ചില വലതുപക്ഷ മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.അഴിമതി രഹിതവും സുശക്തവുമായ സിവിൽ സർവീസ് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും സിവിൽ സർവീസിന്റെ അംഗബലം കുറയ്ക്കുന്നത് അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരോടുള്ള വഞ്ചനയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ മേയ് 20-ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിൽ എല്ലാവരും അണിചേരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധിസമ്മേളനം രാജ്യസഭാംഗം പി.പി. സുനീർ ഉദ്ഘാടനംചെയ്തു.
ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജിസ്‌മോൻ പി. വർഗീസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സുജിത്ത്‌കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി, സെക്രട്ടറി എസ്. മോഹനൻ, ട്രഷറർ സുജിത്ത് കുമാർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി. ജയപ്രകാശ്, സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. രാകേഷ് മോഹൻ, കെജിഒഎഫ് ജില്ലാ സെക്രട്ടറി ആർ. വിഷ്ണു, എകെഎസ്ടിയു പ്രതിനിധി കിഷോർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. സലീം, എം. ഗിരിജ, എസ്. മോഹനൻ, കെ.സി. സുരേഷ് ബാബു, കവിത സദൻ തുടങ്ങിയവർ പ്രസംഗിച്ചു.