ചങ്ങരംകുളം: റാസൽഖൈമയിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ച കേരള ഹൈപ്പർ മാർക്കറ്റ് ചീഫ് അക്കൗണ്ടൻറ് കോക്കൂർ വയല വളപ്പിൽ ഹനീഫിന്റെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാവിട്ടപ്പുറം കോക്കൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.25 വർഷത്തിലധികം കേരളയിൽ അക്കൗണ്ടൻ്റായിരുന്ന ഹനീഫ്,പ്രവാസ ലോകത്തും നാട്ടിലും മത – സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിറസാന്നിധ്യമായിരുന്നു.അര നൂറ്റാണ്ടുകാലമായ ഒരു വ്യാപാര സ്ഥാപനത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ കൈകാര്യ കർത്താവ് എന്നതിലുപരി ആലംബഹീനരെ ചേർത്തുപിടിക്കുന്ന കേരള ഗ്രൂപ്പിൻറെ സാമൂഹിക ക്ഷേമനിധി പദ്ധതികളുടെയും നിയന്ത്രണ ചുമതലകളും ഹനീഫാണ് നിർവഹിച്ചു വന്നത്.
വിശ്വസ്ഥതയുടെയും വിനയത്തിന്റെയും പ്രതിരൂപമായിരുന്ന ഹനീഫിന്റെ ആകസ്മിക വിയോഗം റാസൽഖൈമയിലെ പ്രവാസി മലയാളികളേയും നാടിനേയും ദുഃഖത്തിലാക്കി. ഇന്നലെ രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിച്ച ജനാസ ഒരു നോക്കു കാണുന്നതിന് സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവർ കോക്കൂരിലെ വീട്ടിലെത്തി.കോക്കൂർ ജുമുഅ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി.