കുറ്റിപ്പുറം : ആറുവരിപ്പാതയിലെ ടോൾ പ്ലാസയിൽ സ്ഥിരം വാഹനങ്ങൾക്കു കുറഞ്ഞ നിരക്കിൽ പാസ് ഏർപ്പെടുത്തി ദേശീയപാതാ അതോറിറ്റി. ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർക്ക് 150 രൂപയ്ക്കു പ്രതിമാസ പാസ് ലഭിക്കും. ഈ പാസിൽ ഒരുമാസത്തിനകം 30 തവണ ടോൾ പ്ലാസ വഴി യാത്ര ചെയ്യാം. കാർ, ജീപ്പ്, വാൻ എന്നിവയ്ക്കാണു പാസ്. വാണിജ്യ വാഹനങ്ങൾക്ക് ഈ നിരക്കിൽ പാസ് ലഭിക്കില്ല.ടോൾ പാസ് അനുവദി ക്കുന്നതുമായി ബന്ധപ്പെട്ട് ആറുവരിപ്പാതയിലെ വെട്ടിച്ചിറ കരിപ്പോൾ ടോൾ പ്ലാസയ്ക്ക് സമീപത്ത് ദേശീയപാതാ അതോറിറ്റി സ്ഥാപിച്ച ബോർഡ്.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ലോക്കൽ കമേഴ്സ്യൽ വാഹനങ്ങൾക്ക് (എൽസിവി) ഒറ്റയാത്രയ്ക്ക് 15 രൂപയും 20 കിലോമീറ്ററിനുള്ളിലുള്ള ട്രക്കുകൾക്ക് ഒറ്റത്തവണ യാത്രയ്ക്ക് 25 രൂപയും നൽകിയാൽ മതി.സ്കൂൾ ബസുകൾക്ക് 1000 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഇതിനു പുറമേ, എല്ലാ സ്ഥിരം വാഹനങ്ങൾക്കും ആവശ്യമെങ്കിൽ പ്രതിമാസ പാസ് അനുവദിക്കുമെന്നു സൂചനയുണ്ട്. എന്നാൽ ഇതിന്റെ ഫീസ് ദേശീയപാതാ അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. പാസുകൾക്കായി ദേശീയപാതാ അതോറിറ്റി ഓഫിസുമായോ ടോൾ പ്ലാസയുമായോ ബന്ധപ്പെടണം. ആറുവരിപ്പാത പുർണമായി ഗതാഗതത്തിനു വിട്ടുനൽകിയ ശേഷമാകും മലപ്പുറം ജില്ലയിലെ ടോൾ പിരിവ് ആരംഭിക്കുക.