എടപ്പാൾ : ഏറെ പ്രയാസങ്ങൾ സഹിച്ചാണ് കർഷകർ കൃഷി ചെയ്യുന്നത്. വയലെല്ലാം വാങ്ങി ക്കൂട്ടി നികത്തി വൻ വിലയ്ക്ക് വിറ്റ് പണമുണ്ടാക്കാൻ നടക്കുന്ന ഭൂമാഫിയയുടെയും മണ്ണു മാഫിയയുടെയും ശല്യം ഒരുവശത്ത്. കാർഷികരംഗത്തെ പ്രതിസന്ധിയിലാക്കുന്ന വില ക്കയറ്റവും കാലാവസ്ഥാവ്യതിയാനവുമടക്കമുള്ള പ്രതിസന്ധികൾ മറുവശത്ത്.
ഇതൊക്കെ തരണം ചെയ്തും പലപ്പോഴും നഷ്ടം സഹിച്ചുമൊക്കെയാണ് നാടിനെ അന്നമൂട്ടാനും സ്വന്തം വയറുനിറയ്ക്കാനുമായി ഇവർ പോരാടുന്നത്. ഇതിനിടയിൽ കൃഷിയിടം മലിനമാകാതെ സംരക്ഷിക്കാനുള്ള പെടാപ്പാടുകൂടിയായാലോ. എടപ്പാളിനടുത്ത മാണൂർ കായൽ പാട ശേഖര ത്തിലെ കർഷകരാണ് വർഷങ്ങളായി ഇത്തരമൊരു പ്രതിസന്ധികൊണ്ട് പൊറുതി മുട്ടിയിട്ടുള്ളത്.
പൊറൂക്കര-അണ്ണക്കമ്പാട് ബണ്ട് റോഡിനോട് ചേർന്ന് 60 ഏക്കർ പാടശേഖരത്തിലാണ് മുണ്ടകനും പുഞ്ചയുമായി കൃഷി നടക്കുന്നത്. വിസ്തീർണം ഇതിലുമെത്രയോ ഇരട്ടിയുണ്ടായിരുന്നെങ്കിലും വയൽ നികത്തിയും വീടുവെച്ചുമെല്ലാം കഴിഞ്ഞ് അവശേഷിക്കുന്നതാണിത്. 20-ഓളം കർഷകരാണ് കാർഷികവൃത്തിയെ ഉപേക്ഷിക്കാതെ നെഞ്ചോടുചേർത്ത് ഈ വയലിലെ ചേറിന്റെ മണവും പേറി ജീവിക്കുന്നത്.
രാത്രിയായാൽ റോഡിലുടനീളവും കായലോരത്തുമെല്ലാം സമൂഹവിരുദ്ധരുടെ വിളയാട്ടമാണ്. മദ്യപാനവും ലഹരിയുപയോഗവുമെല്ലാം യഥേഷ്ടം. ആരും കാണാനും ചോദിക്കാനുമില്ല. വാഹനങ്ങളുടെ ശല്യവും കുറവ്. ഉപയോഗം കഴിഞ്ഞാൽ പ്ലാസ്റ്റിക്-ചില്ലുകുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, ഗ്ലാസുകൾ മറ്റ് അവശിഷ്ടങ്ങൾ എന്നിവയെല്ലാം കണ്ണടച്ച് ഒരേറാണ്. വയലാണ് നിക്ഷേപകേന്ദ്രം. കർഷകർ നിലമൊരുക്കാനും വിതയ്ക്കാനും ഞാറു നടാനും കള പറിക്കാനും വളം ചേർക്കാനുമെല്ലാം വയലിലിറങ്ങിയാൽ പൊട്ടിയ കുപ്പിച്ചില്ലുകൾ കാലിൽ തറയ്ക്കുന്നത് പതിവാണ്. ഈ അടുത്ത ദിവസവും സ്വാമിനാഥൻ എന്ന കർഷകന്റെ കാൽ മുറിഞ്ഞിരുന്നു.
തോട്ടിലൂടെ ഒഴുകി വരുന്നതും വയലിൽ:തലമുണ്ട ഭാഗത്തുനിന്ന് ഒഴുകിവരുന്ന തോടും മാണൂർ കായലിലാണ് അവസാനിക്കുന്നത്. അത് വരുന്ന ഭാഗങ്ങളിൽനിന്ന് വീട്ടുകാരും പ്രദേശവാസികളുമെല്ലാം മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഈ തോട്ടിലേക്കാണ്. അവയും അവസാനമെത്തുന്നത് ഈ വയലുകളിലാണ്.കർഷകരുടെ പ്രയാസം കണ്ടറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളാണ് മിക്കപ്പോഴും ഇവരുടെ സഹായത്തിനെത്തുന്നത്. വയലിലിറങ്ങി ഇതെല്ലാം പെറുക്കിക്കൂട്ടി വൃത്തിയാക്കി ചാക്കിൽ കെട്ടി വെക്കാൻ കർഷകർക്കൊപ്പം ഇവരും ചേരും. പിന്നീട് ഹരിതകർമസേനയെത്തി അവ ശേഖരിക്കും. ഇടക്കിടെയുള്ള ഈ പരിപാടിമൂലം കൃഷിയോടുതന്നെ മടുപ്പുതോന്നുകയാണെന്ന് കർഷകർ പറയുന്നു.
പോലീസും ശ്രമം നടത്തി:നേരത്തേ പൊന്നാനി പോലീസ് ഇവിടെ ബോധവത്കരണം നടത്തി ബോർഡ് സ്ഥാപിക്കുകയും രാത്രികാല പട്രോളിങ് നടത്തുകയുമെല്ലാം ചെയ്തിരുന്നു.അന്നത്തെ ഉദ്യോഗസ്ഥൻ സ്ഥലംമാറിയതോടെ അതെല്ലാം നിലച്ചു.