പൊന്നാനി : ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബസ്‌സ്റ്റാൻഡ് നവീകരണം തുടങ്ങിയത്. മുഖംമിനുക്കിയ ബസ്‌സ്റ്റാൻഡ് കാണാൻ പൊന്നാനിയിലെത്തുന്നവർ കൊതിക്കാൻ തുടങ്ങിയിട്ടിപ്പോൾ നാളുകളേറേയായി. നാലുമാസംകൊണ്ട് പണികൾ തീരുമെന്നു പറഞ്ഞിട്ട് വർഷമൊന്നാകാറായിട്ടും ബസ് സ്റ്റാൻഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല.നഗസഭാ ബസ്‌സ്റ്റാൻഡിന്റെ നവീകരണമാണ് മാസങ്ങളായി നീണ്ടുപോകുന്നത്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള ഒരുകോടിയോളം രൂപ ഉപയോഗിച്ചാണ് ബസ്‌സ്റ്റാൻഡ് നവീകരിക്കുന്നത്.
നിർമാണോദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടാണ് പണികൾ തുടങ്ങിയത്. കഴിഞ്ഞവർഷം ജൂണിൽ പണികൾ ആരംഭിക്കുമ്പോൾ നവീകരിച്ച ബസ് സ്റ്റാൻഡ് നാലു മാസത്തിനകം തുറന്നുനൽകുമെന്നാണ് അറിയിച്ചിരുന്നത്. ഒക്ടോബറിൽ പണികൾ കഴിയുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഡിസംബറിൽ തീരുമെന്നായി. താഴത്തെ നിലയുടെ നിർമാണം മാത്രമാണ് ഇപ്പോൾ ഏറെക്കുറെ പൂർത്തിയായിട്ടുള്ളത്.മുകൾനിലയിലെ പണികൾകൂടി പൂർത്തീകരിച്ച് മാർച്ചിൽ ബസ് സ്റ്റാൻഡ് തുറന്നുനൽകാനും തീരുമാനിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുക യാണിപ്പോൾ.
അതുകൊണ്ടുതന്നെ ഇപ്പോൾ പണികളൊന്നും നടക്കുന്നുമില്ല. നിർമാണോദ്ഘാടനം കഴിഞ്ഞ് നാലുമാസത്തിനുശേഷമാണ് പണികൾ ആരംഭിച്ചത്. പിന്നീടങ്ങോട്ട് മെല്ലെപ്പോക്ക് തന്നെയായിരുന്നു. ഇതിനിടയിൽ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമാണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടു. ആദ്യഘട്ട നിർമാണമെന്ന നിലയിലാണ് താഴത്തെ നില പണിതത്.പദ്ധതി പുരോഗതി വിലയിരുത്താൻ പി. നന്ദകുമാർ എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകിയിരുന്നു.
ഒരേസമയം ഒൻപത് ബസുകൾ നിർത്തിയിടാവുന്ന തരത്തിലാണ് സ്റ്റാൻഡ് നവീകരിക്കുന്നത്.ശൗചാലസമുച്ചയം, കാത്തിരിപ്പുകേന്ദ്രം, ലഘു ഭക്ഷണശാല എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും.ബസ്‌സ്റ്റാൻഡ് നവീകരണം പൂർത്തിയാകാത്തതിനാൽ സമീപത്തെ കടകൾക്കു മുൻപിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ‘ശങ്ക’ തീർക്കാൻ ബുദ്ധിമുട്ടാണ്. സമീപത്തെ നഗരസഭ കാര്യാലയത്തിലെ ശൗചാലയത്തിലെത്തിയാണ് പലരും ശങ്ക തീർക്കുന്നത്.
ജീവനക്കാർക്കും ദുരിതം:ബസ് സ്റ്റാൻഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് ബസ് ജീവനക്കാർക്കും ബുദ്ധിമുട്ടാണ്. ശൗചാലയം ഇല്ലാത്തതാണ് ദുരിതത്തിലാക്കിയത്. ബസ് ജീവനക്കാർ ഇപ്പോൾ നഗരസഭാ കാര്യാലയത്തിലെ ശൗചാലയമാണ് ഉപയോഗിക്കുന്നത്.ഹേമചന്ദ്രൻ , ബസ് കണ്ടക്ടർ
കരാറുകാരുമായി ചർച്ച നടത്തും: ബസ്‌സ്റ്റാൻഡ് നിർമാണത്തിന് കരാറുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകും.പി. നന്ദകുമാർ എംഎൽഎ,പൊന്നാനി
കളക്ടറുടെ അനുമതി വേണം:മുകൾനിലയിലെ നിർമാണത്തിന് കളക്ടറിൽനിന്ന് സാങ്കേതികാനുമതി ലഭിക്കേണ്ടതുണ്ട്. അതിനായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാലുടൻ പണികൾ ആരംഭിക്കും.ശിവദാസ് ആറ്റുപുറം,
അധ്യക്ഷൻ, പൊന്നാനി നഗരസഭ:ബസ് കാത്തുനിൽക്കാനിടമില്ല ബസ് സ്റ്റാൻഡിന്റെ നിർമാണം കഴിയാത്തതിനാൽ ബസ് കാത്തുനിൽക്കാൻ ബുദ്ധിമുട്ടാണ്. ഉള്ളസ്ഥലത്ത് വെയിലേറ്റു നിൽക്കണം. മഴക്കാലമായാൽ സമീപത്തെ കടകൾക്ക് മുൻപിൽ കയറിനിൽക്കേണ്ട അവസ്ഥയാണ്.യദുകൃഷ്ണ, വിദ്യാർഥി