എടപ്പാൾ : വട്ടംകുളത്തെ ഒറ്റമുറി ക്വാർട്ടേഴ്‌സുകളിൽ ജീവൻ അപകടത്തിലായി കഴിയുന്ന താമസക്കാരുടെ സുരക്ഷയ്ക്കും പരിസരത്തു നടക്കുന്ന അനാശാസ്യപ്രവർത്തനങ്ങൾക്ക് തടയിടാനും അധികൃതർക്കൊപ്പം കൈകോർത്ത് ജനകീയസമിതിയും. ക്വാർട്ടേഴ്‌സിൽ കഴിയുന്ന 30 കുടുംബങ്ങളുടെ അരക്ഷിതാവസ്ഥ ഒഴിവാക്കാൻ ഇവരോട് 25-നകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാനും ഇതിന്റെ മറവിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനവും ലഹരി വില്പനയും നടക്കുന്ന കെട്ടിടത്തിൽനിന്ന് എല്ലാവരെയും ഒഴിപ്പിക്കാനും പോലീസ് നിർദേശിച്ചിരുന്നു.ജനകീയസമിതി പ്രദേശത്ത് നിരീക്ഷണം നടത്തി രാത്രി കാലങ്ങളിൽ ഇവിടെയെത്തുന്നവരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങളും നടക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇവിടെയുള്ള കളിക്കളത്തിൽ കളിക്കാനെത്തുന്നവരെ ഈ കേന്ദ്രത്തിലെത്തിക്കാൻ ഏജന്റുമാരുള്ളതായും ഇവർ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർ കളക്ടർ, പോലീസ് മേധാവി എന്നിവർക്കെല്ലാം നിവേദനം നൽകി. ഇതിനകം ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരും രംഗത്തെത്തി. ജനകീയസമിതി ഇവിടെ നടത്തിയ പ്രതിഷേധ സംഗമത്തിൽ 100-ലധികം പേരാണ് പങ്കെടുത്തത്. പ്രദേശത്തിനാകെ ദുഷ്‌പേരും ഭീഷണിയുമായി പ്രവർത്തിക്കുന്ന കേന്ദ്രം പോലീസ് പറഞ്ഞ 25-നകം ഒഴിഞ്ഞില്ലെങ്കിൽ മറ്റു നടപടികളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. യോഗത്തിൽ എം.കെ. ഇബ്രാഹിം അധ്യക്ഷനായി. ടി. ഷംസുദ്ദീൻ, കെ. സുലൈമാൻ, എം.കെ. യൂസഫ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *