പൊന്നാനി : ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ തകർന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഷട്ടർ പൊട്ടിയതോടെ തടഞ്ഞുനിർത്തിയ ഉപ്പുവെള്ളം കോൾനിലങ്ങളിലേക്ക് ഇരച്ചെത്തി. ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിലെ 10 ഷട്ടറുകളിലൊന്നാണ് തകർന്നത്. ഇതുമൂലം റെഗുലേറ്ററിന്റെ പടിഞ്ഞാറു ഭാഗത്ത് സംഭരിച്ചു നിർത്തിയ ഉപ്പുവെള്ളം കിഴക്കുഭാഗത്തെ കോൾപ്പാടങ്ങളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്. മാറഞ്ചേരി, എടപ്പാൾ, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം ഏക്കറോളം വിസ്തൃതിയിൽ കിടക്കുന്ന കോൾപ്പാട ശേഖരങ്ങൾക്കാണ് ഉപ്പുവെള്ളം പ്രയാസമായിത്തീരുക.രണ്ടുവർഷം മുൻപ് ചോർച്ചയുണ്ടായെങ്കിലും ഷീറ്റ് മാറ്റുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തിയിരുന്നില്ല.
ഇതാണ് ഷട്ടർ തകരാനിടയാക്കിയത്. 16 വർഷം മുൻപ് നിർമിച്ച പാലത്തിന്റെ ഷട്ടറുകളിൽ പകുതിയും തുറക്കാൻ കഴിയാതായതിനാൽ വർഷങ്ങൾക്കു മുൻപാണ് താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയത്. ഈ ഷട്ടറുകളിലൊന്നാണ് പൊട്ടിയത്.16 വർഷം മുൻപ് നിർമിച്ച റെഗുലേറ്ററിൽ ഇതുവരെ ഷട്ടറുകളിൽ വലിയരീതിയിലുള്ള അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. നിലവിൽ മൈൽഡ് സ്റ്റീൽ ഉപയോഗിച്ചാണ് ഷട്ടർ നിർമിച്ചത്. ഇതിന് ഉപ്പിന്റെ സാന്ദ്രതയെ ചെറുക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് അഭിപ്രായം. സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചുള്ള ഷട്ടർ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ഷട്ടറിലെ ചോർച്ച തടയാൻ താത്കാലികമായി മണൽ ചാക്കുകൾ വെച്ച് അടയ്ക്കുമെന്ന് ഇറിഗേഷൻ എഎക്സ്ഇ സുരേഷ് അറിയിച്ചു.