താനൂർ : മലയാളഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം അൻപതുവർഷം മുൻപ് ആദ്യമായി വരച്ച് മലയാളികൾക്കു സമ്മാനിച്ച താനൂർ പന്തക്കൽ അബൂബക്കറിനെ ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ആദരിച്ചു.താനൂർ പരിയാപുരം ജിഎൽപി സ്‌കൂളിൽ അറബി അധ്യാപകനായിരുന്നു അബൂബക്കർ. അദ്ദേഹത്തിന്റെ ചിത്രരചനാപാടവം നേരിൽക്കണ്ട പിടിഎ പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായിരുന്ന ആട്ടീരി മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തന്‍റെ ഇല്ലത്ത് സൂക്ഷിച്ചിരുന്ന എഴുത്തച്ഛന്റെ ചെറിയ രേഖാചിത്രം നൽകി അബൂബക്കറിനോട് വലുതായി വരച്ച് നിറംനൽകാൻ നിർദേശിക്കുകയായിരുന്നു.

അബൂബക്കർ വലിയ കാൻവാസിൽ പെൻസിൽ കൊണ്ട് വരച്ച് മനോഹരമായി വാട്ടർകളർ നൽകി ചിത്രത്തിന് നാലുദിവസം കൊണ്ട് ജീവനേകി.അന്ന് ടി.എൻ. ജയചന്ദ്രൻ പ്രസിഡൻറായ തുഞ്ചൻ സ്‌മാരക മാനേജ്മെൻറ് കമ്മിറ്റി ചിത്രം ഏറ്റുവാങ്ങി. ‘തുഞ്ചത്തെഴുത്തച്ഛൻ, പി.എ. ബക്കർ താനൂർ വരച്ചത്’ എന്ന അടിക്കുറിപ്പോടെ ബഹുവർണത്തിൽ ആശംസാകാർഡ് രൂപത്തിൽ പതിനായിരക്കണക്കിനാളുകൾക്ക് ചിത്രം വിതരണംചെയ്തിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ വരച്ച ചിത്രത്തിന് എഴുപതാംവയസ്സിൽ ആദരം ലഭിച്ചതിൽ അബൂബക്കർ വളരെയധികം സന്തോഷത്തിലാണ്.

ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശാണ് അബൂബക്കറിനെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. താനൂരിലെ മാധ്യമ പ്രവർത്തകൻ പി. പ്രേമനാഥിന്റെ സഹായത്തോടെയാണ് അബൂബക്കറിനെ ഫൗണ്ടഷൻ പ്രവർത്തകർ കണ്ടെത്തിയത്.തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് അധ്യാപകനായി വിരമിച്ചശേഷം താനൂർ ബ്ലോക്ക് ഓഫീസിനു സമീപത്തെ വീട്ടിൽ വിശ്രമജീവിതത്തിലാണ് പി.എ. ബക്കർ എന്ന അബൂബക്കർ.

Related Post

Leave a Reply

Your email address will not be published. Required fields are marked *