തിരൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂർ ബൈക്ക് പാർക്ക് ചെയ്താൽ കൊടുക്കേണ്ടത് 25 രൂപ. ഇതേ ബൈക്ക് 24 മണിക്കൂർ നേരം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് നിർത്തി യിടുന്നതെങ്കിൽ 30 രൂപ നൽകണം. ഓരോ സ്റ്റേഷനുകളിലും റെയിൽവേയുടെ പാർക്കിങ് ഫീസ് പിരിവ് ഓരോ തരത്തിലാണ്. കണ്ണൂരിൽ 4 മണിക്കൂർ വരെയാണ് ബൈക്ക് നിർത്തുന്നതെങ്കിൽ 12 രൂപയും 12 മണിക്കൂർ വരെയാണ് നിർത്തുന്നതെങ്കിൽ 18 രൂപയുമാണ് നൽകേണ്ടത്. അതേസമയം തിരൂരിൽ 2 മണിക്കൂർ നിർത്തിയിടാൻ 10 രൂപയും 6 മണിക്കൂർ വരെ നിർത്തിയിടാൻ 15 രൂപയും 12 മണിക്കൂർ വരെ നിർത്താൻ 20 രൂപയുമാണ് നൽകേണ്ടത്.

നാലുചക്ര വാഹനങ്ങൾക്കുമുണ്ട് പാർക്ക് ചെയ്യുന്നതിനു നൽകുന്ന തുകയിലെ ഈ വ്യത്യാസം.  കണ്ണൂരിൽ 24 മണിക്കൂർ കാർ പാർക്ക് ചെയ്യാൻ നൽകേണ്ടത് 95 രൂപ. തിരൂരിൽ ഇതിന് 100 രൂപ കൊടുക്കണം. 4 മണിക്കൂർ വരെ നിർത്തിയിടാൻ 25 രൂപയും 12 മണിക്കൂർ വരെ നിർത്തിയിടാൻ 50 രൂപയുമാണ് കണ്ണൂരിൽ നൽകേണ്ടത്. എന്നാൽ തിരൂരിൽ 2 മണിക്കൂർ നിർത്താൻ 20 രൂപയും 6 മണിക്കൂർ നിർത്താൻ 30 രൂപയും 12 മണിക്കൂർ നിർത്താൻ 60 രൂപയുമാണ് നൽകേണ്ടത്. വലിയ വാഹനങ്ങൾ 12 മണിക്കൂർ വരെ നിർത്താൻ കണ്ണൂരിൽ 240 രൂപയും തിരൂരിൽ 250 രൂപയുമാണ് നൽകേണ്ടത്.

പുതിയ നിരക്കനുസരിച്ചാണു തിരൂരിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതെന്നാണു റെയിൽവേ യുടെ വിശദീകരണം. കഴിഞ്ഞ ജൂൺ മുതലാണ് പാർക്കിങ് ഫീസ് പുതുക്കിയതെന്നുംഅധികൃതർ പറയുന്നു. അതേസമയം കണ്ണൂരിൽ 2023 ജനുവരിയിലെ നിരക്കാണ് ഇപ്പോഴുമുള്ളത്. എന്നാൽ മറ്റു മിക്ക സ്റ്റേഷനുകളിലും ഇതേ നിരക്കു തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. കൂടിയ നിരക്ക് തിരൂർ അടക്കമുള്ള ചില സ്റ്റേഷനുകളിൽ മാത്രമാണുള്ളതെന്ന് യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *