തിരൂർ : വൈദ്യുതി മുടങ്ങി പ്രദേശമാകെ ഇരുട്ടിലായി 6 ദിവസം പിന്നിട്ടതോടെ ഇന്നലെ പുറത്തൂർ കെഎസ്ഇബി സെക‍്ഷൻ ഓഫിസിൽ നാട്ടുകാർ പ്രതിഷേധവുമായെത്തി. ശക്തമായ മഴയും കാറ്റും തുടങ്ങിയതോടെയാണ് പുറത്തൂർ സെക‍്ഷനു കീഴിൽ പലയിടത്തും വൈദ്യുതി ഇല്ലാതായത്. സെക‍്ഷനു കീഴിൽ നാൽപതിലേറെ വൈദ്യുതക്കാലുകൾ മരം വീണും മറ്റും തകർന്നിട്ടുണ്ട്. ഒട്ടേറെ ട്രാൻസ്ഫോമറുകൾക്കും വൈദ്യുതക്കമ്പികൾക്കും കേടുപാടു കളുണ്ടായിട്ടുണ്ട്. ഇതെല്ലാം ശരിയാക്കാൻ സെക്ഷനിലുള്ളത് 6 ലൈൻമാന്മാർ മാത്രമാണ്. ദിവസക്കൂലിക്കാരടക്കമുള്ള ഇത്രയും പേർ മാത്രം മിനക്കെട്ടാൽ ഇവിടെ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാനാകില്ലെന്ന് നാട്ടുകാർ പറയുന്നു. സെക‍്ഷനു കീഴിലെ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിൽ തുടരുന്ന സ്ഥിതിയാണ്.
6 ദിവസമായി പലയിടത്തും വൈദ്യുതി എത്തിയിട്ട്. ഇന്നലെ സ്ത്രീകളും കുട്ടികളു മടക്കമുള്ളവർ പ്രതിഷേധവുമായി സെക‍്ഷൻ ഓഫിസിലെത്തി. മഴ മൂലം അടുത്തുള്ള ആലത്തിയൂർ, വെട്ടം, തിരുനാവായ, തിരൂർ സെക‍്ഷനുകളിലെല്ലാം വൈദ്യുതി മുടങ്ങിയിരുന്നു. എന്നാൽ ഇവിടെയെല്ലാം പൊട്ടിവീണ പോസ്റ്റ് മാറ്റിയും ട്രാൻസ്ഫോമറുകളുടെ കേടുപാടുകൾ തീർത്തും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
പുറത്തൂരിൽ മാത്രം ഇതു നടന്നിട്ടില്ല. മറ്റു സെക‍്ഷനുകളിൽ നിന്നുള്ള ജീവനക്കാരെ ഇവിടെ യെത്തിച്ച് വൈദ്യുതി എത്തിക്കാനുള്ള ജോലികൾ ചെയ്തു തീർക്കണമെന്നാണ് ഇന്നലെ ഓഫിസിലെത്തി പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം തിരൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇവിടെയെത്തി പരാതിക്കാരെ കണ്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ലെന്നും പ്രതിഷേധിച്ച നാട്ടുകാർ പറഞ്ഞു.