തിരൂർ : രാസലഹരിക്കെതിരേ കുട്ടികൾ വായനലഹരിയും സർഗ്ഗാത്മകലഹരിയും മനസ്സി ലേറ്റണമെന്ന് കവിയും തുഞ്ചൻസ്മാരക ട്രസ്റ്റ് അംഗവുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ ബാലസമാജം സംഘടിപ്പിച്ച ദ്വിദിന സഹവാസക്യാമ്പ് ‘മഴവില്ല്’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.യുദ്ധം കാരണം കുഞ്ഞുങ്ങൾ പട്ടിണികിടന്നു മരിക്കുകയാണ്. അഹിംസയാണ് കവിത, അഹിംസയാണ് സാഹിത്യം. അന്യ ജീവനെ സഹായിച്ച് നമ്മൾ ധന്യരാകണം, കഥകളിലൂടെ മണ്ടനെ ബുദ്ധിമാനാക്കാമെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.തുഞ്ചൻ ട്രസ്റ്റ് അംഗം പി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എസ്. വെങ്കിടാചലം, ഡോ. കെ. ശ്രീകുമാർ, ബീന മേലഴി, അനന്യ, എസ്. കമൽനാഥ് എന്നിവർ സംസാരിച്ചു.
തുടർന്ന് ‘കാവ്യാസ്വാദനം’ എന്ന വിഷയത്തിൽ ഡോ. ഇ.എം. സുരജയും, ‘കഥയും നോവലും’ എന്ന വിഷയത്തിൽ ഐ.ആർ പ്രസാദും, ‘രചനാപാഠം’ എന്ന വിഷയത്തിൽ ഡോ. കെ. ശ്രീകുമാറും, ‘നാടൻപാട്ടുകൾ’ എന്ന വിഷയത്തിൽ സുരേഷ് തിരുവാലിയും വ്യത്യസ്ത സെഷനുകളിൽ ക്ലാസെടുത്തു.വെള്ളിയാഴ്ച രാവിലെ ഏഴിന്എസ്. കമൽനാഥ് യോഗ അവതരിപ്പിക്കും. ‘വിവർത്തനത്തിന്റെ പ്രായോഗികതലം’ എന്ന വിഷയത്തിൽ കെ.എസ്. വെങ്കിടാചലവും നാടകക്കളരിയെ കുറിച്ച് എമിൽ മാധവിയും കാവ്യാസ്വാദനത്തെക്കുറിച്ച് ഷീജ വക്കവും ക്ലാസെടുക്കും.